46 വർഷങ്ങൾക്ക് ശേഷം ഖത്തറിന് പുതിയ നാഷണൽ എംബ്ലം
ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം ഇന്ന് ഖത്തർ നാഷണൽ മ്യൂസിയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അനാച്ഛാദനം ചെയ്തു.
പുതിയ ചിഹ്നത്തിൽ ഖത്തറിന്റെ ചരിത്ര ചിഹ്നങ്ങൾ – സ്ഥാപകന്റെ വാൾ, ഈന്തപ്പനകൾ, കടൽ, പരമ്പരാഗത ബോട്ട് – എല്ലാം വെള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിൽ ക്രമീകരിച്ചിരിക്കുകയാണ്.
1976 മുതൽ സ്വീകരിച്ചു വന്ന പഴയ ചിഹ്നമാണ് 46 വർഷങ്ങൾക്ക് ശേഷം 2022 ൽ മാറ്റുന്നത്. എല്ലാ സർക്കാർ സംവിധാനങ്ങളുടെയും ഡിജിറ്റലും അല്ലാത്തതുമായ പ്ലാറ്റ്ഫോമുകളിൽ പുതിയ ചിഹ്നം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ചിത്രത്തിലെ വ്യക്തതയും വിഷ്വൽ ഐഡന്റിറ്റിയും ഫലപ്രദമായ ആശയവിനിമയത്തിന് പ്രധാനമാണെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഡയറക്ടർ ഷെയ്ഖ് ജാസിം ബിൻ മൻസൂർ ബിൻ ജബോർ അൽതാനി പറഞ്ഞു. വിവിധ സർക്കാർ ഏജൻസികൾക്കായി ആശയവിനിമയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ യഥാർത്ഥത്തിൽ ഫലപ്രദമായ സംവിധാനമില്ലാതെ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1966 മുതൽ ഇന്നുവരെയുള്ള ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ യാത്ര വിശദീകരിക്കുന്ന ഒരു വീഡിയോയും ഇന്ന് അനാച്ഛാദനം ചെയ്തു. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്.
“നമ്മുടെ വർത്തമാനകാലത്തെ രൂപപ്പെടുത്തുന്നതിന് നമ്മുടെ ഭൂതകാലം വളരെയധികം സംഭാവന ചെയ്യുന്നു. ഖത്തറിന്റെ ദേശീയ ചിഹ്നത്തിന്റെ യാത്ര നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെയും വികസനത്തിലേക്കും ഭാവിയിലേക്കുമുള്ള ഒരു നീണ്ട യാത്രയുടെ സാക്ഷ്യമാണ്,” ജിസിഒ പറഞ്ഞു.