ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭവും ഇന്ത്യയിലെ ഏറ്റവും മികച്ച ഫുൾ സർവീസ് കാരിയറുകളിൽ ഒന്നുമായ വിസ്താര എയർലൈൻസ്, മുംബൈയ്ക്കും ദോഹയ്ക്കും ഇടയിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിച്ചു. ആഴ്ച്ചയിൽ 4 തവണ നേരിട്ടുള്ള ഫ്ലൈറ്റുകളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
വിസ്താരയുടെ A321neo ഉദ്ഘാടന വിമാനം, ഡിസംബർ 15, 18:45 (IST) ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 20:30 ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ഇന്ത്യ- മിഡിൽ ഈസ്റ്റ് യാത്രയ്ക്കുള്ള ഡിമാൻഡിൽ കുതിച്ചുചാട്ടമുണ്ടായതോടെ, വിസ്താര മേഖലയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അബുദാബി, ദമാം, ദുബായ്, ജിദ്ദ, മസ്‌കറ്റ് എന്നിങ്ങനെ മേഖലയിലെ അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർലൈൻ ഇതിനകം നേരിട്ടുള്ള കണക്റ്റിവിറ്റി ആരംഭിച്ചിട്ടുണ്ട്.
വിസ്താരയുടെ മിഡിൽ ഈസ്റ്റേൺ റൂട്ടുകളോടുള്ള ജനപ്രീതിയുടെ പശ്ചാത്തലത്തിൽ, ദോഹയിലേക്കുള്ള ഓപ്പറേഷൻ ആരംഭിക്കുന്നത് ഈ മേഖലയിലെ തങ്ങളുടെ കാൽപ്പാടുകൾ ശക്തിപ്പെടുത്തുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. വിനോദ് കണ്ണൻ പറഞ്ഞു.
ദോഹ – അത്യാവശ്യമായ വാണിജ്യ കേന്ദ്രവും ഇന്ത്യൻ പ്രവാസികളുടെ വലിയൊരു ആവാസ കേന്ദ്രവുമാണ് – അദ്ദേഹം പറഞ്ഞു. വിസ്താരയുടെ 50-ാമത്തെ സർവീസ് ഡെസ്റ്റിനേഷനും മിഡിൽ ഈസ്റ്റിലെ ആറാമത്തെ ഡെസ്റ്റിനേഷനും ആണിത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv