ദോഹ: വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി ഐസൊലേഷനും ക്വാറന്റൈനും വിധേയരാകാൻ ബാധ്യസ്ഥരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 4 ഞായറാഴ്ച വൈകിട്ട് ആറ് മണി മുതൽ പുതിയ നയം നിലവിൽ വരും.
പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, വ്യക്തിയുടെ വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ, ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇപ്പോഴും രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പും ശേഷവും കോവിഡ് പരിശോധനാ നടപടികൾ ആവശ്യമാണ്.
രാജ്യത്ത് ഉപയോഗത്തിലുള്ള നിലവിലെ വർഗ്ഗീകരണ ലിസ്റ്റുകൾ (റെഡ് ലിസ്റ്റ്) അവസാനിപ്പിക്കുന്നതും പുതിയ നയത്തിൽ ഉൾപ്പെടുന്നു.
ഖത്തറിലെത്തുമ്പോൾ പൗരന്മാരും താമസക്കാരും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ സെന്ററിലോ പബ്ലിക് ഹെൽത്ത് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്വകാര്യ മെഡിക്കൽ സെന്ററിലോ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് (ആർഎടി) വിധേയരാകണം.
സന്ദർശകർ ഖത്തറിലേക്കുള്ള ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റിന്റെ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ഫലമുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ (PCR) ടെസ്റ്റ് സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ ഖത്തറിലേക്കുള്ള ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റിന്റെ 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് ഫലമുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) സർട്ടിഫിക്കറ്റോ കൊണ്ടുവരണം.