ഭക്ഷ്യസുരക്ഷ ഇനി ഇലക്ട്രോണിക്കാവും; പുത്തൻ ചുവടുവെപ്പുമായി ഖത്തർ ആരോഗ്യവകുപ്പ്
ഭക്ഷ്യസുരക്ഷയ്ക്കായുള്ള ഇലക്ട്രോണിക് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങി ഖത്തർ. ആരോഗ്യവകുപ്പ്. ഭക്ഷ്യസുരക്ഷാ-പരിസ്ഥിതി വകുപ്പ്, ഖത്തർ കസ്റ്റംസ്, പദ്ധതിയിൽ ഇതിനോടകം ഭാഗമായ സ്വകാര്യ കമ്പനികൾ എന്നിവയുമായി ചേർന്നാണ് ഇലക്ട്രോണിക് സംവിധാനത്തിന്റെ പൈലറ്റ് ലോഞ്ച് സാധ്യമാക്കുക. ഖത്തറിൽ 3 തലങ്ങളിലായി-തദ്ദേശീയ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി- എന്നിങ്ങനെ കൈകാര്യം ചെയ്യപ്പെടുന്ന ഭക്ഷ്യമേഖലയെ പരസ്‌പരം ബന്ധിപ്പിച്ച് റിസ്ക്-ബേസ്ഡ് ലബോറട്ടറി പരിശോധനയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഹമദ് സീ പോർട്ട്, റുവൈസ് പോർട്ട്, അബു സാംറ ലാൻഡ് പോർട്ട് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതും കയറ്റുമതി ചെയ്തതുമായ ഭക്ഷണത്തിന്റെ ഡോക്യുമെന്റ് പരിശോധന, വെർച്വൽ പരിശോധന, സാമ്പിൾ വലുപ്പനിർണയം തുടങ്ങിയവ അടങ്ങുന്ന ഇലക്ട്രോണിക് പരിശോധനക്ക് ശേഷം ഖത്തർ കസ്റ്റംസിന്റെ ഓണ്ലൈൻ സംവിധാനമായ അൽ നദീബുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പുതിയ സംവിധാനം. ഇതിലൂടെ, സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ മാത്രം ഓട്ടോമാറ്റിക്ക് റിലീസ് അനുവദിക്കുന്നു.
ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടുള്ള എല്ലാ പതിവ് പരിശോധനകളും തികച്ചും ശാസ്ത്രീയമാക്കുകയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ഇലക്ട്രോണിക്ക് രൂപത്തിൽ എളുപ്പമാക്കുകയും ചെയ്യുന്നതാണ് പുതിയ ചുവടുവെപ്പെന്ന് പദ്ധതി വിശദീകരിക്കവെ, ആരോഗ്യമന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ അധ്യക്ഷ വസ്സൻ അബ്ദുള്ള അൽ ബക്കർ പറഞ്ഞു.
ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് പ്രാദേശിക ഉൽപ്പന്നങ്ങൾ, ഫാക്ടറി, റസ്റ്ററന്റ്, ഹോട്ടൽ തുടങ്ങിയവയുടെ പരിശോധനകൾ, ചെക്ക്‌ലിസ്റ്റ് പൂരിപ്പിക്കൽ, പരിശോധന റിപ്പോർട്ട് നൽകൽ, തിരുത്തൽ നടപടികളുടെ ഫോളോ-അപ്പ് എന്നിവയും ഉൾക്കൊള്ളുന്നതാണ് പുതുതായി ഒരുങ്ങുന്ന ഈ സംവിധാനം. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പുതിയ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്ത് ഭാഗമാകാൻ ഭക്ഷ്യ കയറ്റുമതി-ഇറക്കുമതി കമ്പനികളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 1983 കമ്പനികളാണ് ഇതിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത്.