വിദൂരമായി ജോലി ചെയ്യുന്ന ഡോക്ടർമാർ ഇ-മെയിൽ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ രോഗികൾക്ക് നൽകുന്ന മെഡിക്കൽ കുറിപ്പടികൾ താൽക്കാലികമായി സ്വീകരിക്കാൻ പൊതു-സ്വകാര്യ ഫാർമസി മാനേജർമാരോട് നിർദേശിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.
രോഗിക്ക് ക്ലിനിക്കിൽ ഹാജരാകേണ്ട ആവശ്യമില്ലാത്ത രോഗങ്ങൾ, അല്ലെങ്കിൽ പ്രാപ്തനായ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള ഗുരുതര രോഗങ്ങൾ എന്നിവയ്ക്ക് താൽക്കാലിക കുറിപ്പടി ബാധകമാകുമെന്നു ഫാർമസി ആൻഡ് ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡയറക്ടർ ഡോ ഐഷ ഇബ്രാഹിം അൽ-നസ്സാരി പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.
കുറിപ്പടിയിൽ മുഴുവൻ ഡാറ്റയും അടങ്ങിയിരിക്കണം, പ്രത്യേകിച്ച് ഇഷ്യു ചെയ്ത തീയതി, ഡോക്ടറുടെ ലൈസൻസ് നമ്പർ, രോഗിയുടെ വ്യക്തിഗത നമ്പർ എന്നിവ. അത്തരം കുറിപ്പടിയുടെ സാധുത ഇഷ്യു ചെയ്ത തീയതി മുതൽ ഒരാഴ്ച മാത്രമാണ്.
1993-ലെ നിയമം (19), 1987 ലെ നിയമം നമ്പർ (9) എന്നിവയ്ക്ക് വിധേയമായ മയക്കുമരുന്നുകളും അപകടകരമായ സൈക്കോട്രോപിക് പദാർത്ഥങ്ങളും ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയമം നിലനിൽക്കും.