Qatar

ഖത്തറിലെ ബ്രാന്റഡ് റസ്റ്ററന്റുകളിൽ ആരോഗ്യ മന്ത്രാലയം പരിശോധന; ശേഖരിച്ചത് 634 സാമ്പിളുകൾ

ഖത്തറിലെ ഷോപ്പിംഗ് സെന്ററുകളിലും വിനോദസഞ്ചാര മേഖലകളിലും സ്ഥിതി ചെയ്യുന്ന, അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകളുടെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിൽ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വിപുലമായ പരിശോധനാ കാമ്പയിൻ നടത്തി.

34 ബ്രാൻഡുകളിലായി 545 പരിശോധനാ സന്ദർശനങ്ങൾ കാമ്പയിനിൽ നടന്നു. പൊതുജനങ്ങൾക്ക് വിൽപ്പനക്ക് വെച്ച വിവിധ ഭക്ഷണങ്ങളിൽ നിന്നും ഉൽപ്പന്നങ്ങളിൽ നിന്നുമുള്ള 634 സാമ്പിളുകൾ ശേഖരിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികളിൽ പരിശോധിച്ചു. 

നിലവിൽ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും നേരിട്ട് ഭീഷണിയാകുന്ന ഗുരുതരമായ ലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സാമ്പിളുകളുടെ ലബോറട്ടറി ഫലങ്ങൾ എല്ലാം അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് സ്ഥിരീകരിച്ചു. 

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സ്ഥാപനങ്ങൾക്കായുള്ള ഭക്ഷ്യ സുരക്ഷാ റേറ്റിംഗ് പ്രോഗ്രാം അനുസരിച്ച്, പരിശോധിച്ച റസ്റ്റോറന്റുകളിൽ 60 ശതമാനവും “ഗുഡ്”, “എക്സലന്റ്” എന്നിവയ്ക്കിടയിൽ റേറ്റിംഗ് നേടി. 18 ശതമാനത്തിന് ശരാശരി റേറ്റിംഗ് ലഭിച്ചു.

എല്ലാത്തരം ഭക്ഷ്യ സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്ന പതിവ് പരിശോധനാ കാമ്പെയ്‌നുകളും ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കുന്നത് തുടരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

മോണിറ്ററിംഗ് സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനും, ഖത്തറിലെ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ കമ്പയിനുകൾ ലക്ഷ്യമിടുന്നത്.

Related Articles

Back to top button