ഖത്തറിൽ വിവിധ വീസ നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ; വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: റസിഡൻസ് പെർമിറ്റ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട്, ജീവനക്കാർക്ക് തിരികെ കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം തൊഴിലുടമകളോട് അഭ്യർത്ഥിച്ചു. റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് ജീവനക്കാരന് കൈമാറുന്നതിൽ തൊഴിലുടമ വീഴ്ച്ച വരുത്തിയാൽ 25000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അനധികൃത വിസ വ്യാപാരത്തിന്, ശിക്ഷ പരമാവധി 3 വർഷം വരെ തടവും, കൂടാതെ/അല്ലെങ്കിൽ ആദ്യമായി 50,000 റിയാൽ വരെ പിഴയും ആവർത്തിച്ചാൽ 100,000 റിയാൽ വരെ പിഴയും ആയിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കൂടാതെ, വിസ കാലാവധി തീർന്നത് മുതൽ 90 ദിവസത്തിൽ കവിയാത്ത നിശ്ചിത കാലയളവിനുള്ളിൽ റസിഡൻസ് പെർമിറ്റും പുതുക്കൽ നടപടിക്രമങ്ങളും പൂർത്തിയാകുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ, 10,000 റിയാൽ വരെ ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള 280-ലധികം പേർ പങ്കെടുത്ത, പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസ- നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കുള്ള ഗ്രേസ് പിരീഡ് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഇന്ന് നടത്തിയ വെബിനാറിലാണ് നിർണായക വിവരങ്ങൾ പങ്കിട്ടത്.