ഖത്തറിൽ വീസ നിയമം ലംഘിച്ചവർക്ക് ഒത്തുതീർപ്പിനുള്ള ‘ഗ്രേസ് പിരീഡ്’ നീട്ടി ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം 2022 മാർച്ച് 31 വരെ നീട്ടി. നേരത്തെ 2021 ഒക്ടോബര്‍ 10 മുതൽ ആരംഭിച്ച പദ്ധതിക്ക് ഡിസംബര്‍ 31 വരെയായിരുന്നു അനുവദിച്ച സാവകാശ പരിധി.
പ്രവാസികൾക്കും കമ്പനികൾക്കും 50% പിഴയിളവിന്റെ പ്രയോജനം ലഭിക്കാനുള്ള താത്പര്യം കണക്കിലെടുത്താണ് പരിധി നീട്ടുന്നതെന്ന് മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു
നിലവിൽ, സാൽവ റോഡിലുള്ള സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിനെ സമീപിച്ചാണ് പ്രവാസികൾ നടപടികൾ പൂർത്തിയാക്കേണ്ടത്. 50% പിഴയിളവും ലഭിക്കും. റെസിഡൻസി പുതുക്കാനും കമ്പനി മാറാനും ഉൾപ്പെടെ ഇതിലൂടെ സാധിക്കും.
അല്ലെങ്കിൽ, ഉമ്മ് സലാല്‍, ഉമ്മ് സുനൈം (മുൻപ് ഇൻഡസ്ട്രിയൽ ഏരിയ), മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും ഒത്തുതീര്‍പ്പിനായി സമീപിക്കാം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
റെസിഡൻസി ചട്ടം ലംഘിച്ച പ്രവാസികൾ, തൊഴിൽ വീസ ചട്ടം ലംഘിച്ച പ്രവാസികൾ, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികൾ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക. മേൽപ്പറഞ്ഞ വീസ നിയമങ്ങൾ ലംഘിച്ചു ഖത്തറിൽ അനധികൃതമായി താമസിക്കുന്ന ആർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.