ഭക്ഷ്യസ്വയംപര്യാപ്‌തത നേടാൻ ഖത്തർ, വെജിറ്റബിൾ മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വിൽപ്പനയിൽ വൻ വർദ്ധനവ്
മുനിസിപ്പാലിറ്റി മന്ത്രാലയം ആരംഭിച്ച പ്രാദേശിക കർഷകർക്കായുള്ള വിൽപ്പന പ്ലാറ്റ്‌ഫോമുകൾ നാല് വർഷത്തിനിടെ പ്രാദേശിക പച്ചക്കറികളുടെ വിൽപ്പനയിൽ 176 ശതമാനം വർധനവ് രേഖപ്പെടുത്തി. ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ സ്വയംപര്യാപ്‌തത നേടുകയെന്ന ഖത്തറിൻ്റെ ദേശീയ ഭക്ഷ്യ സുരക്ഷാ തന്ത്രത്തിൻ്റെ വിജയത്തെയാണ് ഈ വളർച്ച വ്യക്തമാക്കുന്നത്.
മന്ത്രാലയത്തിൻ്റെ സമീപകാല കണക്കുകൾ പ്രകാരം പച്ചക്കറി വിൽപ്പന 2019ലെ 23,198 ടണ്ണിൽ നിന്ന് 2023ൽ 64,088 ടണ്ണിലെത്തി. മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിൽ അഞ്ച് പച്ചക്കറി ചന്തകൾ, പ്രധാന സ്റ്റോറുകളിലെ രണ്ട് പ്രോഗ്രാമുകൾ, വിപണനത്തിലും കാർഷിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായ മഹാസീൽ എന്നിവ ഉൾപ്പെടുന്നു.
ഈ വിപണന പരിപാടികൾ പ്രാദേശിക കർഷകർക്ക് അവരുടെ അധ്വാനത്തിന് ന്യായമായ വില നൽകാനും ലക്ഷ്യമിടുന്നു, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കൾക്ക് അല്ലെങ്കിൽ സ്റ്റോറുകൾ വഴി വിൽക്കാൻ കർഷകർക്ക് ഇതിലൂടെ കഴിയും.
ഈ നൂതന വിപണന തന്ത്രങ്ങളിലൂടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിൽ മന്ത്രാലയം വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ, പ്രധാന പുതിയ ഭക്ഷണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഖത്തറിൻ്റെ സ്വയംപര്യാപ്‌തത ഗണ്യമായി വർദ്ധിച്ചു, 2023ൽ ഇത് 39 ശതമാനത്തിലെത്തിയിട്ടുണ്ട്.