ആയിരക്കണക്കിന് വീടുകളെ മലിനജലശൃംഖലയുമായി ബന്ധിപ്പിക്കാൻ 140 മില്യൺ റിയാലിന്റെ പദ്ധതിയുമായി അഷ്ഗൽ
2024 മുതൽ 2027 വരെയുള്ള കാലയളവിൽ ആയിരക്കണക്കിന് വീടുകളെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന്, 140 മില്യൺ റിയാൽ മൂല്യമുള്ള മൂന്ന് പദ്ധതികൾക്ക് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അംഗീകാരം നൽകി. ഖത്തറിൻ്റെ തെക്ക്, മധ്യ, വടക്കൻ ഭാഗങ്ങളിലുള്ള കുടുംബങ്ങൾക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടുത്തുമെന്ന് ഡ്രെയിനേജ് നെറ്റ്‌വർക്ക് പ്രോജക്ട്സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് സെയ്‌ഫ് അൽ ഖയാരീൻ വീഡിയോയിൽ പറഞ്ഞു.
2022-2023 കാലയളവിൽ വീടുകളും മറ്റ് കെട്ടിടങ്ങളും മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് QR120mn മൂല്യമുള്ള പദ്ധതികൾ നടപ്പിലാക്കിയിരുന്നു. മലിനജല ശൃംഖലയിലേക്കുള്ള രണ്ടായിരത്തോളം കണക്ഷനുകൾ പ്രതിവർഷം നടപ്പിലാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വകുപ്പിലെ ഹൗസ് കണക്ഷൻ വിഭാഗം ഇത്തരത്തിൽ വീടുകളെ മലിനജല ശൃംഖലയുമായി ബന്ധിപ്പിക്കുന്നതും ഖത്തറിലെ വിവിധ മേഖലകളിൽ നിലവിലുള്ള കണക്ഷനുകൾ നവീകരിക്കുന്നതും തുടരുന്നു. സേവനങ്ങൾ നൽകാനുള്ള രീതി ലഘൂകരിച്ചതായി ഹൗസ് കണക്ഷൻ വിഭാഗം മേധാവി എഞ്ചിനീയർ അലി അൽ-അൻസി വിശദീകരിച്ചു. വ്യക്തികൾക്കും കമ്പനികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവരുടെ പ്രോപ്പർട്ടികളോ സൗകര്യങ്ങളോ ഫൗൾ സീവർ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ അഷ്ഗാൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.