
ഖത്തറിൽ ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിയപ്പോൾ അമീർ അണിയിച്ച ഐക്കണിക് ഗോൾഡൻ ബിഷ്ത് ഇപ്പോൾ എവിടെയെന്ന് വെളിപ്പെടുത്തി അർജന്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി.
അർജന്റീനിയൻ ഓലെ മാഗസിനുമായുള്ള അഭിമുഖത്തിൽ, ലോകകപ്പ് ഫൈനലിൽ നിന്ന് എന്തൊക്കെ സാധനങ്ങളാണ് മെസ്സി സൂക്ഷിച്ചിരുന്നത് എന്ന ചോദ്യത്തിന് “എല്ലാം” എന്നായിരുന്നു മറുപടി. “എന്റെ കയ്യിൽ എല്ലാം ഉണ്ട്- ബൂട്ടുകൾ, ടീ-ഷർട്ടുകൾ, പിന്നെ കേപ്പ് (ബിഷ്ത്),” താരം ഒലെയോട് പറഞ്ഞു.
അർജന്റീന ഫുട്ബോൾ ഫെഡറേഷനിൽ (എഎഫ്എ) നിലവിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്ന് ബിഷ്ത് ഉൾപ്പെടെയുള്ള തന്റെ ലോകകപ്പ് സ്മരണികകൾ ബാഴ്സലോണയിലെ തന്റെ വീട്ടിലേക്ക് മാർച്ചിൽ കൊണ്ടുപോകുമെന്നും മെസ്സി വെളിപ്പെടുത്തി.
ടൂർണമെന്റിന്റെ ഏറ്റവും മികച്ച നിമിഷങ്ങളിൽ, അർജന്റീനൻ ക്യാപ്റ്റൻ മെസ്സിയെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ലോകകപ്പ് ട്രോഫി ഉയർത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് സ്വർണ്ണ ബിഷ്ത് നൽകി ആദരിച്ചത്. എന്നാൽ ഇത് ആ മുഹൂർത്തത്തിന്റെ നിറം കെടുത്തുന്ന വിധം അപമര്യാദയായിപ്പോയതായും കറുത്ത വസ്ത്രം കൊണ്ട് മെസ്സിയുടെ നീല ജേഴ്സി മറച്ചതായും പാശ്ചാത്യ മാധ്യമങ്ങൾ വിമർശനം ഉയർത്തി.
എന്നാൽ, അതൊന്നും ബാധിക്കാതെ ‘മെസ്സി ബിഷ്ത്’ എന്ന പേരിൽ വസ്ത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ സാക്ഷാൽ മെസ്സിയും താൻ ബിഷ്തിന് നൽകിയ പ്രാധാന്യം അടിവരയിട്ടിരിക്കുകയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi