ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് വരുന്നവർ സൗദി അറേബ്യ കൂടി സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി. നേരത്തെ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ പകര്‍ത്തിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമിലൂടെയാണ് മെസ്സി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആരാധകരെ ക്ഷണിച്ചത്.
‘ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുത്; കൂടുതൽ വിമാനങ്ങൾ, ഡീലുകൾ, അനുഭവങ്ങൾ; അറേബ്യയെ കൂടുതൽ അനുഭവിക്കൂ,” മെസ്സി ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
ഇക്കഴിഞ്ഞ മെയ് 10 മുതൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് മെസ്സി.
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അവസരം നല്‍കുന്ന പദ്ധതി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ‘ഹയ്യ’ കാർഡ് ഉടമകൾക്ക് ലോകകപ്പ് സീസണിൽ 60 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാൻ സാധിക്കുന്നതാണിത്.
ഹയ്യ കാർഡ് ഉടമകൾക്ക് ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി സൗദി മൾട്ടിപ്പിൾ എൻട്രി ഇലക്ട്രോണിക് വിസ നേടാം. ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാനും 60 ദിവസം വരെ രാജ്യത്ത് താമസിക്കാനും ഇത് വഴി സാധിക്കും.
വിസാകാലയളവിൽ എത്രതവണ വേണമെങ്കിലും സൗദിയിൽ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന നിബന്ധനയും ഇല്ല. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് സ്വീകരിക്കണം.