ഖത്തറിൽ അധ്യാപകനായ മലയാളി യുവാവ് നാട്ടിൽ കുത്തേറ്റ് മരിച്ചു.
കൊല്ലം: ഖത്തറിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്ന പ്രവാസി യുവാവ് നാട്ടിൽ കുത്തേറ്റ് മരിച്ചു. കൊല്ലം കുണ്ടറ കാരിക്കുഴി സ്വദേശി ജോണ് പോൾ ജോണ്സണ് (34) ആണ് ബന്ധുവായ ആഷിഖിന്റെ കുത്തേറ്റ് മരിച്ചത്. മദ്യപിച്ചെത്തി മാതാവിനെ മർദ്ദിക്കുന്നതായി കണ്ട ആഷിഖിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ജോണ് പോളിന് കുത്തേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ആഷിഖിനെ കൊല്ലം പോലീസ് കസ്റ്റഡിയിൽ എടുത്തു.
2012 മുതൽ ഖത്തർ ഭവൻസ് സ്‌കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ജോണ് പോൾ വേനലവധിക്ക് സ്‌കൂൾ അടച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം നാട്ടിലേക്ക് പോയതായിരുന്നു. ഏറെക്കാലം തങ്ങളോടൊപ്പം ഉണ്ടായിരുന്ന യുവ അധ്യാപകന്റെ ആകസ്മികവിയോഗത്തിന്റെ നടുക്കത്തിലാണ് ഭവൻസ് സ്‌കൂൾ അധികൃതരും സഹപ്രവർത്തകരും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും മനസിലിടം നേടിയ ജോണ് പോൾ ജോണ്സന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി മാനേജ്‌മെന്റിന്റെ കുറിപ്പിൽ അറിയിച്ചു. ലിജിയാണ് ജോണ് പോളിന്റെ ഭാര്യ. രണ്ട് വയസ്സുള്ള പ്രിൻസ് ഏകമകൻ.