ഖത്തറിലെ വ്യോമയാന സംവിധാനം സുഗമമാക്കാൻ ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെൻ്റർ ഒരുക്കി QCAA

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ) ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലെ (ഡിഎഫ്ഐആർ) എയർ ട്രാഫിക് നിയന്ത്രിക്കുന്നതിനായി കൺട്രോൾ ടവർ കെട്ടിടത്തിൻ്റെ നവീകരണം പൂർത്തിയാക്കി. ഡിഎഫ്ഐആറിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഖത്തർ എയർ ട്രാഫിക് കൺട്രോൾ സെൻ്ററും അവർ തയ്യാറാക്കിയിട്ടുണ്ട്. ഇന്റർനാഷണൽ വാട്ടേഴ്സിലൂടെയുള്ള വ്യോമഗതാഗതം നിയന്ത്രിക്കുന്നതിൻ്റെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പാണ് ഇനി നടക്കുന്നത്.
ഈ ഘട്ടത്തിൽ റഡാർ മോണിറ്ററിംഗ് ഓപ്പറേഷൻസ് റൂമിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ, റഡാർ മോണിറ്ററിംഗ് സ്ക്രീനുകൾ, കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങൾ, പ്രധാന നാവിഗേഷൻ ഇൻഫർമേഷൻ ഡിസ്പ്ലേ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതും DFIRൽ എയർ ട്രാഫിക്കിനെ കുറിച്ചുള്ള കൃത്യമായ ഡാറ്റ പ്രദർശിപ്പിക്കുന്നതു സജ്ജീകരിക്കുന്നതും ഉൾപ്പെടുന്നുവെന്ന് QCAA ഒരു പ്രസ്താവനയിൽ പറഞ്ഞു. എയർ ട്രാഫിക് കൺട്രോളറുകളും വ്യോമാതിർത്തി കടക്കുന്ന വിമാനങ്ങളും തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയം ഉറപ്പാക്കാനാണിത്.
കൊടുങ്കാറ്റ്, വിമാനവുമായി ബന്ധപ്പെട്ടു വരുന്ന അടിയന്തിര സാഹചര്യങ്ങൾ എന്നിങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെട്ടു വരുന്നതും അല്ലാതെ വരുന്നതുമായ എല്ലാ അത്യാവശ്യഘട്ടങ്ങളെയും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും മികച്ച രീതിയിൽ പരിശീലനം ലഭിച്ച എയർ ട്രാഫിക്ക് കോൺട്രോളർമാരുടെ സാന്നിധ്യം ഇവിടെയുണ്ട്. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനായി കൂടുതൽ എയർ ട്രാഫിക്ക് കൺട്രോളർമാരെയും സാങ്കേതിക വിദഗ്ദരെയും നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.
ഖത്തറിലെ വ്യോമയാന സംവിധാനത്തിന്റെ മുന്നോട്ടുപോക്കിൽ നിർണായക പങ്കു വഹിക്കുന്നയിടമാണ് ക്യുസിഎഎ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന നവീകരണം പ്രവർത്തനങ്ങൾ അവരുടെ ജോലി കൃത്യതയുള്ളതാകാൻ സഹായിക്കും. വ്യോമയാനഗതാഗതം കൂടുതൽ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും വിമാനങ്ങളെ കണ്ടെത്തുന്നതിനും കൂടുതൽ റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്, ഇത് വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കി മാറ്റുന്നു.