ദോഹ: ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിലെ തങ്ങളുടെ 15-ആമത് ഔട്ട്‌ലെറ്റ് അബു സിദ്രയിൽ ഇന്നലെ തുറന്നു. ആഗോളതലത്തിൽ 215-ആമത് ഔട്ട്‌ലെറ്റ് കൂടിയാണിത്. 24,000 ചതുരശ്ര മീറ്ററിൽ നിലകൊള്ളുന്ന പുതിയ ഹൈപ്പർമാർക്കറ്റ് സാമൂഹ്യ അകലം ഉൾപ്പെടെ സാധ്യമാകുന്ന വിധത്തിൽ വിശാലവും ലുലുവിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലുതും ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ളതുമാണ്.
രണ്ട് ലെവലുകളിലായി ക്രമീകരിച്ചിട്ടുള്ള ഹൈപ്പർമാർക്കറ്റിന്റെ സാങ്കേതിക സംവിധാനങ്ങൾ പൂർണമായും സെല്ഫ് ചെക്കൗട്ട് അടക്കം സ്മാർട്ട് ടെക്‌നോളജി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഖത്തറിലെ ഏറ്റവും വലുതും കാര്യക്ഷമവുമായ സീറോ വെയിസ്റ്റ് റീഫിൽ സ്റ്റേഷനും പുതിയ ലുലു മാർക്കറ്റ് അവതരിപ്പിക്കുന്നുണ്ട്. സ്റ്റേഷനിൽ നിന്ന് ഷോപ്പർമാർക്ക് ലഭിക്കുന്ന റീയൂസബിൾ കണ്ടയിനറുകളിൽ പാസ്റ്റയും ധാന്യങ്ങളും അടക്കമുള്ള വസ്തുക്കൾ വീണ്ടും നിറച്ച് ഉപയോഗിക്കാൻ ഈ സംവിധാനം സഹായിക്കും. സസ്യാഹാരങ്ങൾക്ക് മാത്രമായി ഒരു വേഗൻ സർവീസ് കൗണ്ടർ ഏർപ്പെടുത്തുന്ന ആദ്യ റീട്ടെയിൽ ഔട്ട്‌ലെറ്റ് കൂടിയാണ് അബൂ സിദ്രയിലെ പുതിയ സ്റ്റോർ.
ഇന്നലെ നടന്ന ഉദ്‌ഘാടനചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, ഇന്ത്യൻ അംബാസിഡർ ദീപിക്ക് മിത്തൽ മറ്റു ഔദ്യോഗിക ഖത്തർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.