ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് അനാച്ഛാദനം ചെയ്തതായി കത്താറ കൾച്ചറൽ വില്ലേജ് പ്രഖ്യാപിച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കത്താറ പബ്ലിക് ഡിപ്ലോമസിയുടെയും ഇന്ത്യൻ കമ്യുണിറ്റി ഗ്രൂപ്പായ ഫോക്കസ് ഇന്റർനാഷണലിന്റെയും സംയുക്ത സഹകരണത്തിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അനാച്ഛാദനം.
ഒരു കൂട്ടം മലയാളികൾ മുഖ്യപങ്ക് വഹിക്കുന്ന ഫോക്കസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ കലാകാരനും ക്യൂറേറ്ററുമായ എം ദിലീഫാണ് ബൂട്ട് ഡിസൈൻ ചെയ്തത്.
ഫൈബർ, ലെതർ, റെക്സിൻ, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റുകൾ എന്നിവ ഉൾപ്പെടുന്ന സാധാരണ ഫുട്ബോൾ ബൂട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതേ പദാർത്ഥങ്ങൾ ഉപയോഗിച്ചായിരുന്നു ഏറ്റവും വലിയ ബൂട്ടിന്റെയും നിർമ്മാണം.
17 അടി നീളവും 7 അടി ഉയരവും, 500 കിലോയിൽ കൂടുതൽ ഭാരവും ബൂട്ടിനുണ്ട്.
ബൂട്ട് അനാച്ഛാദന ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ കതാറ കൾച്ചറൽ വില്ലേജിന്റെ പ്രധാന ഗേറ്റിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും വിവിധ ഫാൻസ് അസോസിയേഷനുകളും ഇന്ത്യൻ സ്കൂളുകളിലെ കുട്ടികളും പങ്കെടുത്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu