ഖത്തറിൽ അപകടത്തിൽ മരിച്ചയാളുടെ ഇൻഷുറൻസ് തുക ഇടനിലക്കാരൻ തട്ടിയെടുത്തു
ഖത്തറിൽ ഗ്യാസ് ചോർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട പ്രവാസി മലയാളിയുടെ ഇൻഷുറൻസ് തുക ഇടനിലക്കാരൻ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് തിക്കോടി സ്വദേശിയായ സക്കറിയയുടെ കുടുംബമാണ് ഇത് സംബന്ധിച്ച് നോർക്കയ്ക്ക് പരാതി നൽകിയത്. 2014 ലാണ് ഖത്തറിലെ ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചു സക്കറിയ ഉൾപ്പെടെ 11 പേർ മരണപ്പെട്ടത്. ഇതിനെത്തുടർന്ന് ഇൻഷുറൻസ് തുക ലഭ്യമാക്കാം എന്ന വാഗ്ദാനത്തിൽ ജംസീർ എന്നയാൾ കുടുംബത്തെ സമീപിച്ചു. ഇതിനായി ഇയാൾ പവർ ഓഫ് അറ്റോർണിയിൽ ഒപ്പിട്ടുവാങ്ങിച്ചതായി മരണപ്പെട്ടയാളുടെ ഭാര്യ മീഡിയ വണ്‍ ചാനലിനോട് വെളിപ്പെടുത്തി.
എന്നാൽ വര്‍ഷങ്ങൾക്കിപ്പുറവും ഇൻഷുറൻസ് തുക ലഭിക്കാതിരുന്നപ്പോൾ ഖത്തറിലെ ബന്ധുക്കളുടെ സഹായത്തോടെ കുടുംബം നടത്തിയ അന്വേഷണത്തിൽ ഖത്തറിലെ കോടതി 40 ലക്ഷം രൂപ അനുവദിച്ചതായും ഈ തുക മറ്റാരോ കൈപ്പറ്റിയതായും കണ്ടെത്തി. നിയമനടപടികൾക്കായുള്ള പവർ ഓഫ് അറ്റോർണിയിലാണ് തങ്ങൾ ഒപ്പിട്ടതെന്നും, തുക ഇടനിലക്കാരന് കൈപ്പറ്റാമെന്ന വ്യാജരേഖകൾ തയ്യാറാക്കിയാണ് പണം തട്ടിയെടുത്തത് എന്നും പരാതിയിൽ പറയുന്നു.