‘സമുദ്രഗർജ്ജനം’, ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ ദോഹയിൽ; നാവികാഭ്യാസം തുടരുന്നു
രണ്ടാമത് സംയുക്ത-നാവിക പരിശീലനത്തിനായി ദോഹയിലെത്തിയ ഇന്ത്യൻ വിക്ഷേപണ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് ത്രികാന്തിനെ അമീരി നാവികസേനാ പ്രതിനിധികൾ സ്വീകരിച്ചു. ക്യാപ്റ്റന്‍ ഹരീഷ് ബഹുഗുണ നേതൃത്വം നല്‍കുന്ന കപ്പൽ തിങ്കളാഴ്ചയാണ് ദോഹയിലെത്തിയത്. ഓഗസ്റ്റ് 9 മുതൽ 14 വരെ നീളുന്ന സംയുക്ത നാവിക പരിശീലനമായ ‘സൈർ അൽ ബഹ്ർ (സമുദ്ര ഗർജ്ജനം)-ന് വേണ്ടി ദോഹയിലെത്തിയ സംഘത്തിന്റെ നാവികാഭ്യാസ പരിശീലനം പുരോഗമിക്കുകയാണ്.
അഞ്ചു ദിന പരിശീലനപരിപാടികളിൽ ആദ്യ രണ്ട് ദിവസങ്ങൾ ഹാർബർ മേഖലയിലും 3 ദിവസങ്ങൾ സമുദ്ര മേഖലയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഹാർബർ മേഖലയിൽ ക്രോസ് ചെക്ക് സന്ദർശനങ്ങളും വിദഗ്ദ്ധ സംഘങ്ങളുടെ നേത്രത്വത്തിലുള്ള ഇന്ററാക്ഷനുകളും ആണ് നടന്നത്.
ഖത്തർ അമിരി നാവിക കപ്പലുകൾ, ഖത്തർ അമിരി എയർക്രാഫ്റ്റ്സ്, ഇന്ത്യൻ നാവിക കപ്പൽ ത്രികാന്ത് എന്നിവരുൾപ്പെടുന്ന ഉപരിതല ആക്ഷൻ, വ്യോമ ദിശ, വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം തുടങ്ങിയവ അടങ്ങുന്നതാണ് ത്രിദിന സമുദ്രഘട്ടത്തിലെ പരിശീലനങ്ങൾ.