IndiaQatar

ഖത്തറിൽ മാപ്പ് നൽകപ്പെട്ട ഇന്ത്യൻ തടവുകാരിൽ എക്‌സ് നേവി അംഗങ്ങൾ ഉൾപ്പെട്ടോ എന്നറിവില്ലെന്ന് ഇന്ത്യൻ പ്രതിനിധി

ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ അപ്പീലുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന്ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ധം ബാഗ്ചി പറഞ്ഞു. 

ഡിസംബർ 18 ന് രാജ്യത്തിന്റെ ദേശീയ ദിനത്തിൽ ഖത്തർ അമീർ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി തടവുകാർക്ക് മാപ്പ് നൽകിയപ്പോൾ, മാപ്പ് നൽകപ്പെട്ടവരുടെ വ്യക്തിഗത വിവരങ്ങളെ കുറിച്ച് ഇന്ത്യയുടെ ഭാഗത്തിന് ഇതുവരെ അറിവ് ഇല്ലെന്ന് ബാഗ്ചി പതിവ് മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇന്ത്യൻ നാവികസേനയിലെ മുൻ യുദ്ധക്കപ്പലുകളുടെ കമാൻഡർമാരായ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേരെ, ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 26 ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

“ഈ കേസ് ഇപ്പോൾ [ഖത്തറിന്റെ] അപ്പീൽ കോടതിയിലാണ്, നവംബർ 23, നവംബർ 30, ഡിസംബർ 3, 7  എന്നീ തീയതികളിൽ മൂന്ന് ഹിയറിംഗുകൾ നടന്നു. അതിനിടയിൽ, ദോഹയിലെ ഞങ്ങളുടെ അംബാസഡർക്ക് . എട്ട് പേരെയും കാണാൻ കോൺസുലർ പ്രവേശനം ലഭിച്ചു. എന്നാൽ ഇതിനപ്പുറം ഈ ഘട്ടത്തിൽ എനിക്കൊന്നും പങ്കുവെക്കാനില്ല,” ചോദ്യങ്ങൾക്ക് മറുപടിയായി ബാഗ്ചി പറഞ്ഞു.

ഡിസംബർ 18ന് ഖത്തർ ഭരണാധികാരി മാപ്പുനൽകിയവരെ കുറിച്ച് ഇന്ത്യൻ ഭാഗത്തിന് ഒരു വിവരവുമില്ലെന്ന് ബാഗ്ചി പറഞ്ഞു. “ഈ എട്ടുപേരും അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ല, നിങ്ങൾക്കറിയാവുന്നതുപോലെ, കേസ് നടക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

“മാപ്പ് ലിസ്‌റ്റോ അതിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന വിവരമോ ഇന്ത്യക്ക് ഔദ്യോഗികമായി ലഭിച്ചിട്ടില്ല.  അതിൽ ചില ഇന്ത്യക്കാർ ഉണ്ടെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രിയും ഖത്തർ അമീറും അടുത്തിടെ ചർച്ച നടത്തിയെങ്കിലും ചർച്ചയുടെ വിശദാംശങ്ങളിലേക്ക് കടക്കാനും ബാഗ്ചി വിസമ്മതിച്ചു. ഖത്തറും ഇക്കാര്യങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button