ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളുകളിലൊന്നായ ബിർള പബ്ലിക് സ്‌കൂൾ അതിൻ്റെ അബു ഹമൂർ കാമ്പസിൽ 2024 സെപ്റ്റംബർ 10 മുതൽ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് സെപ്റ്റംബർ 4 വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. പുതിയ ഷെഡ്യൂൾ അനുസരിച്ച്, കിൻ്റർഗാർട്ടൻ I, II എന്നിവയ്ക്ക് രാവിലെ 6:30 മുതൽ 10.15 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ഗ്രേഡുകൾ വരെ രാവിലെ 10:30 മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്ലാസുകൾ.
ഈ ഷിഫ്റ്റ് സമ്പ്രദായം അബു ഹമൂർ കാമ്പസിനു മാത്രമേ ബാധകമാകൂ; നുഐജയിലെ രണ്ട് പ്രൈമറി സ്‌കൂളുകളിൽ പതിവ് പ്രഭാത ഷെഡ്യൂൾ തുടരും. സ്‌കൂളിൽ സെപ്റ്റംബർ 1 മുതൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നു, സെപ്റ്റംബർ 8, 9 തീയതികളിൽ ഇത് തുടരും.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഒരേ സമയത്ത് കാമ്പസിലുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള താൽക്കാലിക നടപടിയാണ് ഷിഫ്റ്റ് സമ്പ്രദായമെന്ന് ബിർള പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായർ സ്ഥിരീകരിച്ചു. സമീപത്തായി സ്‌കൂൾ പുതിയ കായിക സൗകര്യങ്ങളും നിർമ്മിക്കുന്നു, ഇത് പൂർത്തിയായാൽ സ്‌കൂളിന്റെ കാർപ്പറ്റ് ഏരിയ വർധിക്കുമെന്നും എല്ലാ വിദ്യാർത്ഥികളെയും ഒരേസമയം ഉൾക്കൊള്ളാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, പല മാതാപിതാക്കളും ഈ മാറ്റത്തിൽ അതൃപ്‌തരാണ്. കുട്ടികളുടെ ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സമയങ്ങളെക്കുറിച്ചും പാഠ്യേതര പ്രവർത്തനങ്ങളെ ബാധിക്കുന്നതിനെക്കുറിച്ചും അവർ ആശങ്കാകുലരാണ്. ജോലി ചെയ്യുന്ന രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണെന്നും ഇന്ത്യയിലേതു പോലെ അസിസ്റ്റ് ചെയ്യാൻ ആരുമില്ലെന്നും ഒരു രക്ഷിതാവ് അറിയിച്ചു. മറ്റൊരു രക്ഷിതാവ് ഈ ഷിഫ്റ്റ് സ്‌കൂളിന് ശേഷമുള്ള പ്രവർത്തനങ്ങൾക്ക് സമയം നൽകില്ലെന്ന ആശങ്കയും പ്രകടിപ്പിച്ചു.
രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ താൻ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാവർക്കും അനുയോജ്യമായ രീതിയിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. ആനന്ദ്.ആർ.നായർ പറഞ്ഞു.