ഖത്തർ അമീറിന്റെ അഴിമതി വിരുദ്ധ പുരസ്‌കാരം ഇന്ത്യൻ ജേണലിസ്റ്റിന്
അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖത്തർ അമീറിന്റെ പേരിലുള്ള അവാർഡിന് അർഹനായി ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ശന്തനു ഗുഹാ റായി. ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്റർനാഷണൽ ആന്റി കറപ്ഷൻ എക്സലൻസ് (എസിഇ) അവാർഡിന്റെ ഏഴാമത് എഡിഷനിലാണ് റായിയുടെ പുരസ്‌കാര നേട്ടം.
ചൊവ്വാഴ്ച താഷ്കെന്റിലെ കൺവെൻഷൻ സെന്ററിൽ, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവിനൊപ്പം അമീർ ഷെയ്ഖ് തമീം അവാർഡുകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, കായികം, യൂത്ത് ക്രിയേറ്റിവിറ്റി, ഇന്നവേഷൻ, അന്വേഷണാത്മക പത്രപ്രവർത്തനം തുടങ്ങിയ മേഖലകളിലെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകുന്നത്.
കായിക മേഖലയിലെ അഴിമതി വിരുദ്ധ അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിനാണ്
ശന്തനു ഗുഹാ റായി അവാർഡ് ഏറ്റുവാങ്ങിയത്. വിയന്ന ആസ്ഥാനമായുള്ള വയർ ഏജൻസി സെൻട്രൽ യൂറോപ്യൻ ന്യൂസിന്റെ ഇന്ത്യ എഡിറ്ററാണ് അദ്ദേഹം.
ഇതേ കാറ്റഗറിയിൽ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് വൈഹിഗ മ്വാറയും അവാർഡ് നേടി. ക്ലെയർ റെവ്കാസിൽ ബ്രൗൺ, ഫിൽ മേസൺ എന്നിവർക്ക് ഇന്നൊവേഷൻ / ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം അവാർഡ് സ്വന്തമാക്കി. ജോസ് ഉഗാസിന് ലൈഫ് ടൈം / ഔട്ട്‌സ്റ്റാൻഡിംഗ് അച്ചീവ്‌മെന്റ് അവാർഡും നൽകി.
2015 ഒക്ടോബർ 31 മുതലാണ് ഖത്തർ അമീറിൻ്റെ പേരിൽ അഴിമതി വിരുദ്ധ രാജ്യാന്തര പുരസ്കാരം ആരംഭിച്ചത്. അഴിമതി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ ഐക്യരാഷ്ട്രസഭയ്ക്ക് ഖത്തർ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് അമീറിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തിയത്. ഉരുക്കിൽ നിർമിച്ച കൈപ്പത്തിയാണ് അവാർഡ് ശില്പ മാതൃക.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD