ഒരാഴ്ച്ചക്കിടെ രണ്ടാമതും ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തിയവർ യുഎസ്-അഫ്‌ഗാൻ പ്രത്യേക പ്രതിനിധി മുതൽ പലസ്ഥീൻ വിദേശകാര്യമന്ത്രി വരെ
ദോഹ: ഒരാഴ്ച്ചയ്ക്കിടെ രണ്ടാമതും ഖത്തറിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രമണ്യം ജയശങ്കർ ദോഹയിൽ കൂടിക്കാഴ്ച്ച നടത്തിയത് വിവിധ ലോകനേതാക്കളുമായി. ഇന്നലെ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഥാനിയുമായി ഉഭയകക്ഷി ബന്ധവും പ്രദേശിക പ്രശ്നങ്ങളും ചർച്ച ചെയ്ത ജയശങ്കർ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധത്തിനൊപ്പം പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ ചർച്ച ചെയ്തതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഖത്തറിലെ യുഎസ് ഫോർ അഫ്‌ഗാൻ പീസ് പ്രതിനിധി സൽമായ് ഖാലിസാദുമായും ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂട്ടിയുള്ള പ്രഖ്യാപനത്തിൽ ഇല്ലാതിരുന്ന അപ്രതീക്ഷിത കൂടിക്കാഴ്ചയായിരുന്നു ഇത്. അഫ്‌ഗാൻ പ്രശ്നമാണ് ചർച്ചയായത് എന്നു വിദേശകാര്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു. അഫ്‌ഗാൻ സൈന്യത്തെ പരിശീലിപ്പക്കാനായി ഖത്തറിൽ പ്രത്യേക സൈനിക താവളത്തിന് ഖത്തർ ഭരണകൂടത്തോട് സംയുക്ത സഖ്യസേനയായ നാറ്റോ അനുവാദം ചോദിച്ചതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് അമേരിക്കൻ പ്രതിനിധിയുമായുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച. നേരത്തെ 2021 ഫെബ്രുവരിയിൽ അഫ്‌ഗാനിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിന് താലിബാനുമായി അമേരിക്ക ദോഹയിൽ വച്ച് കരാറൊപ്പിട്ടിരുന്നു. തുടക്കം മുതൽ അഫ്‌ഗാനിലെ സമാധാന പുനഃസ്ഥാപനത്തിനുതകുന്ന വിധം മേഖലയിലെ യുഎസ് നീക്കങ്ങൾ നിരീക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഘടകങ്ങൾ കൂടി കണക്കിലെടുത്ത് യുഎസ് പ്രതിനിധിയുമായുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ ഗൗരവം നൽകുന്നുണ്ട്.
തിരികെ മടക്കത്തിൽ, ദോഹ വിമാനത്താവളത്തിൽ വച്ച്, പലസ്തീനിയൻ വിദേശകാര്യ മന്ത്രി ഡോ.റിയാദ് അൽ മലിക്കിയുമായും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ ഹസഫദിയുമായും എസ് ജയശങ്കർ നേരിൽക്കണ്ടു സംസാരിച്ചു.