ദോഹ: 2021 നവംബർ 30 മുതൽ ഡിസംബർ 18 വരെ ദോഹയിൽ അരങ്ങേറുന്ന പ്രഥമ ഫിഫ അറബ് കപ്പിൽ വളണ്ടിയർ ആവാൻ നിങ്ങൾക്കും അവസരം. ഫിഫ അറബ് കപ്പിന്റെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി ആണ് ഖത്തറിൽ താമസക്കാരായ ഏവർക്കുമായുള്ള സുവർണാവസരം പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ വളണ്ടിയർ സ്ട്രാറ്റജി മാനേജർ നാസർ അൽ മോഗൈസീബ് ഖത്തർ നിവാസികളെ അറബ് കപ്പിൽ സന്നദ്ധസേവകരാകാൻ ക്ഷണിച്ചതിനൊപ്പം ഇത് വരെ നടന്ന എല്ലാ വളണ്ടിയറിംഗ് പ്രോഗാമുകളും വൻവിജയമായിരുന്നെന്നും അറിയിച്ചു.
“രണ്ട് പ്രധാന ലക്ഷ്യങ്ങളോടെയാണ് വളണ്ടിയറിംഗ് പ്രോഗ്രാം 2018-ൽ ആരംഭിച്ചത്. അതിൽ ഏറ്റവും ഹൃസ്വകാല ലക്ഷ്യം 2022 ഫിഫ ലോകകപ്പിലേക്ക് ആവശ്യമായ വളണ്ടിയർമാരെ ട്രെയിൻ ചെയ്യുക എന്നുള്ളതാണ്. മറ്റൊന്ന് മറ്റെല്ലാ പരിപാടികളിലേക്കും പര്യാപ്‌തമാക്കി അവരെ മാറ്റുക എന്നുള്ളതും,” അൽ മോഗൈസീബ് പറഞ്ഞു. ഇതിനോടകം 165 രാജ്യങ്ങളിൽ നിന്നായി 372,000 ത്തോളം വളണ്ടിയർമാർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
18 വയസ്സിന് മുകളിലുള്ള ആർക്കും https://volunteer.fifa.com/invite/FAC2021 എന്ന ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങൾ നൽകി അക്കൗണ്ട് രെജിസ്റ്റർ ചെയ്ത് തങ്ങളുടെ സേവനസന്നദ്ധത അറിയിക്കാം. ഒരാൾക്ക് ഒരു തവണ മാത്രമേ രെജിസ്റ്റർ ചെയ്യാനാവൂ. പിന്നീട് താല്പര്യം നഷ്ടമാകുകയാണെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്യാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോസ്പിറ്റാലിറ്റി, സ്റ്റേഡിയം സർവീസ്, മാധ്യമ സംപ്രേഷണ സംവിധാനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലാണ് സേവനത്തിന് അവസരമൊരുങ്ങുന്നത്. തങ്ങളുടെ താല്പര്യമേഖലകൾക്ക് മുൻഗണന കൊടുക്കാനുള്ള ഓപ്‌ഷനുമുണ്ട്. വളണ്ടീയറിംഗ് കാലയളവിൽ യാത്ര പരിധിയിലുള്ള മേഖലയിൽ തന്നെ താമസ സൗകര്യവും ലഭ്യമാക്കും. ഒപ്പം 2022 ഖത്തർ ലോകകപ്പിലേക്കും വളണ്ടിയർ ടീമിലേക്ക് വഴി തുറക്കും.