ദോഹ: ലോകകപ്പ്, ഏഷ്യാകപ്പ് സംയുക്ത യോഗ്യതയിലെ ഇന്ന് നടന്ന ഇന്ത്യയുടെ നിർണായകമത്സരത്തിൽ, ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് സമനില (1-1). ഇതോടെ 2023 ഏഷ്യാ കപ്പിനുള്ള യോഗ്യതയിലെ മൂന്നാം റൗണ്ടിലേക്ക് ഇന്ത്യ കടന്നു.
75-ആം മിനിറ്റിൽ അഫ്ഗാൻറെ നിര്ഭാഗ്യമായി ഇന്ത്യയുടെ ആഷിക് കുരുനിയാന്റെ ക്രോസ് അഫ്ഗാൻ ഗോൾ കീപ്പർ ഒവൈസ് അസീസിയുടെ കയ്യിൽ നിന്ന് സ്വന്തം ഗോൾപോസ്റ്റിലേക്ക് വഴുതിയതാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ആദ്യപകുതിയിൽ ഇന്ത്യയുടെ മൻവീറിന്റെയും സുരേഷ് സിങിന്റെയും 10-ആം മിനിറ്റിൽ സുനിൽ ഛേത്രിയുടെയുമെല്ലാം മുന്നേറ്റം അഫ്ഗാൻ ഗോൾ പോസ്റ്റിൽ തടഞ്ഞത് ഒവൈസ് അസീസിയായിരുന്നു. അബദ്ധ ഗോളിന് 7 മിനിട്ടുകൾക്ക് ശേഷം 82-ആം മിനിറ്റിൽ പകരക്കാരനായെത്തിയ ഹൊസൈൻ സമീനി അഫ്‌ഗാന് വേണ്ടി ഗോൾ നേടി സമനില പിടിക്കുകയും ചെയ്‌തു. തുടർന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഏറ്റവും കുറഞ്ഞത് സമനില നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പ്രതിരോധനിരക്ക് അഫ്ഗാൻ നടത്തിയ മുന്നേറ്റം തടയാനായി.
ഗ്രൂപ്പ് ഇയിൽ മൂന്നാമതായാണ് ഇന്ത്യ ഒരു ജയവും 4 സമനിലയും ഉൾപ്പടെ 8 മല്സരങ്ങൾ അടങ്ങിയ യോഗ്യതാ ഘട്ടം പൂർത്തിയാക്കിയത്. ഏഷ്യാകപ്പ് യോഗ്യതയിൽ മൂന്നാം റൗണ്ടിലേക്ക് കടന്ന ഇന്ത്യക്ക് 7 പോയിന്റാണ് ഉള്ളത്. ഗ്രൂപ്പിൽ 4-ആം സ്ഥാനത്തുള്ള അഫ്‌ഗാന് 6 പോയിന്റാണ്.