ദോഹ: ഖത്തറിനെതിരെ ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരം നാളെ ദോഹയിൽ അരങ്ങേറാനിരിക്കെ നിലവിലെ ഇന്ത്യൻ ടീമിന് ഖത്തറിനെതിരെ വിജയം നേടാനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ടീം ക്യാപ്ടനും മലയാളിയുമായ ഐ.എം. വിജയൻ. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം മനസ്സ് തുറന്നത്.
1996 ൽ വിജയൻ പങ്കെടുത്ത ലോകകപ്പ് യോഗ്യതാ മത്സരവും ഖത്തറിനെതിരെ ആയിരുന്നു. അന്ന് 6 നെതിരെ 0 ഗോളുകൾക്ക് വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. “അന്ന് ഞങ്ങൾ മോശമായാണ് കളിച്ചത്. അതിലുപരി, ഇന്നത്തേത് പോലെയല്ല, അന്ന് അന്തർദേശീയമായോ ദേശീയമായോ പോലും ഞങ്ങൾക്ക് വലിയ പരിചയസമ്പത്തുള്ള കാലമായിരുന്നില്ല. ഖത്തർ പോലൊരു ടീമിനെ നേരിടാനുള്ള നിലവാരം അന്ന് ഇന്ത്യക്കില്ല,” വിജയൻ പറഞ്ഞു. എന്നാൽ കാര്യങ്ങൾ ഇന്ന് വളരെയധികം മെച്ചപ്പെട്ടെന്നും ഒരുപക്ഷേ ഖത്തറിനെ പരാജയപ്പെടുത്താൻ വരെ ഇപ്രാവശ്യം ഇന്ത്യൻ ടീമിന് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
2019 ൽ അവസാനമായി ഖത്തറിൽ കളിച്ചപ്പോൾ ലോകറാങ്കിങ്ങിൽ 62-ആം സ്ഥാനത്തുണ്ടായിരുന്ന ഏഷ്യൻ ചാമ്പ്യൻ കൂടിയായ ഖത്തറിനെതിരെ ഇന്ത്യൻ ടീം നേടിയ ഗോൾരഹിത സമനില വളരെയധികം ആത്മവിശ്വാസം നൽകിയതാണെന്നും വിജയൻ നിരീക്ഷിച്ചു. നിലവിൽ ഖത്തർ 58-ാം സ്ഥാനത്തും ഇന്ത്യ 105-ാം സ്ഥാനത്തുമാണ്. “ഐഎസ്‌എൽ കാരണം, ശക്തമായ ടീമുകളെ എതിരിടാൻ ഇന്ത്യയുടെ ഫുട്ബോൾ കളിക്കാർ സജ്ജരാണ്. നിങ്ങൾ മികച്ച നിലവാരമുള്ള അന്താരാഷ്ട്ര ഫുട്ബോൾ കളിക്കാർക്കൊപ്പം കളിക്കുമ്പോൾ, നിങ്ങൾ ശാരീരികമായും മാനസികമായും മെച്ചപ്പെടുന്നു,” വിജയൻ പറഞ്ഞു.
കുറച്ചുകാലത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് നിലവിലെ ടീമിലെ വിജയന്റെ ഇഷ്ടതാരം. ഛേത്രിക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ആവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച വിജയൻ ഡിഫൻഡർ സന്ദേശ് ജിങ്കൻ, മിഡ്ഫീൽഡർ ആഷിഖ് കുരുനിയൻ, ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു എന്നിവരുടെ പ്രകടനം നിർണായകമാണെന്നു ചൂണ്ടിക്കാട്ടി.
2010 ലോകകപ്പ് നേടാൻ സ്പെയിനെ സഹായിച്ച മുൻ ബാഴ്‌സലോണ മിഡ്ഫീൽഡറും നിലവിൽ ഖത്തർ അൽ സദ്ദ് ക്ലബിന്റെ മാനേജറുമായ സേവിയെക്കുറിച്ചാണ് ഖത്തറിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ ഐ.എം. വിജയൻ മറക്കാതെ സൂക്ഷിച്ച പേര്. ഈയിടെ സേവി വിജയന് പിറന്നാൾ ആശംസ വിഡിയോ പങ്കുവെച്ചിരുന്നു. മലയാളിയും ഖത്തർ ടീമിന്റെ ജേഴ്‌സി ഡിസൈനറുമായ ഷഫീർ കൊറിയയാണ് തനിക്ക് സേവിയെ പരിചയപ്പെടുത്തിയത് എന്നും അദ്ദേഹം ഓർമിച്ചു.