ഭക്ഷണ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട; ഇറച്ചിയും മീനും കൈകാര്യം ചെയ്യുന്നവർക്ക് കർശന മാർഗനിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: പച്ച ഇറച്ചി, കോഴിയിറച്ചി, കടൽ വിഭവങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും പാലിക്കേണ്ട നിർണ്ണായകമായ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. അശ്രദ്ധമായ കൈകാര്യം ചെയ്യൽ മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാണ് മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പുതിയ നിർദ്ദേശങ്ങൾ പങ്കുവെച്ചത്.
ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിൽ ശരിയായ സ്റ്റോറേജ് രീതികൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
സ്റ്റോറേജിൽ ശ്രദ്ധിക്കാൻ:
- തണുപ്പ് നിലനിർത്തുക: ഫ്രിഡ്ജിൽ വെക്കുന്ന സാധനങ്ങൾ 4°C-ലോ അതിൽ താഴെയോ ഉള്ള താപനിലയിൽ സൂക്ഷിക്കണം. ഫ്രീസറിലെ സാധനങ്ങൾ -18°C താപനിലയിലായിരിക്കണം.
- കാലാവധി നോക്കുക: പാക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എക്സ്പയറി ഡേറ്റ് കൃത്യമായി പാലിക്കണം.
- മാറ്റം കണ്ടാൽ ഒഴിവാക്കുക: അസാധാരണമായ മണം, നിറം മാറ്റം, പൂപ്പൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ആ ഭക്ഷണം ഉടനടി ഒഴിവാക്കണം.
പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ:
- ശുചിത്വം പ്രധാനം: പച്ചക്കറികളും ഇറച്ചിയും കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകണം. പാത്രങ്ങളും കട്ടിംഗ് ബോർഡുകളും ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.
- ഫ്രോസൺ വിഭവങ്ങൾ: ഫ്രീസ് ചെയ്ത ഇറച്ചിയും മീനും ഫ്രിഡ്ജിനുള്ളിൽ വെച്ചോ അല്ലെങ്കിൽ മൈക്രോവേവ് ഉപയോഗിച്ചോ മാത്രമേ ഡിഫ്രോസ്റ്റ് (Defrost) ചെയ്യാവൂ. ഒരിക്കൽ ഐസ് ഉരുക്കിയ സാധനങ്ങൾ വീണ്ടും ഫ്രീസറിൽ വെക്കുന്നത് ഒഴിവാക്കണം.
- ചൂടാക്കൽ: ബാക്ടീരിയകളെ നശിപ്പിക്കാൻ ഇറച്ചി വിഭവങ്ങൾ കുറഞ്ഞത് 75°C താപനിലയിലപ്പുറം നന്നായി വേവിച്ചെന്ന് ഉറപ്പുവരുത്തണം.
ഷോപ്പിംഗ് നടത്തുമ്പോൾ:
സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ‘ഷോപ്പ് സ്മാർട്ട്’ രീതി പിന്തുടരാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു. ഇറച്ചിയും മീനും ഷോപ്പിംഗിന്റെ ഏറ്റവും ഒടുവിൽ മാത്രം വാങ്ങുക. വീട്ടിലെത്തുന്നത് വരെ താപനില നിലനിർത്താൻ ഇൻസുലേറ്റഡ് ബാഗുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. പച്ചയായ ഭക്ഷണസാധനങ്ങൾ പാകം ചെയ്ത ഭക്ഷണവുമായി കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.




