ദോഹ: ഖത്തറിലെത്തുന്ന വാക്സീൻ എടുത്ത ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറന്റീൻ വീണ്ടും നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ട്രാവൽ നയത്തിലെ പുതിയ ഭേദഗതി പ്രകാരം, ഖത്തറിന് പുറത്ത് നിന്ന് വാക്സീൻ എടുത്തവർക്കും വാക്സീൻ ഇതുവരെ എടുക്കാത്തവരുമായ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഒരുപോലെ നിർബന്ധമാണ്. ഇന്ത്യക്കൊപ്പം, റെഡ് ലിസ്റ്റിൽ നിന്നുള്ള മറ്റു രാജ്യങ്ങൾക്കും ഭേദഗതി ബാധകമാണ്. ഓഗസ്റ്റ് 2, ഉച്ചയ്ക്ക് 12 മണി മുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്. പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെ:
1. റെസിഡന്റ് പെർമിറ്റ് ഉള്ളവരിൽ, ഖത്തറിൽ നിന്ന് അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ ഖത്തറിൽ നിന്ന് കോവിഡ് വന്നു മാറിയവരോ ആയ യാത്രക്കാർക്ക്, 2 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ. ശേഷം ആർട്ടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ലഭിക്കുകയാണെങ്കിൽ ഇവർക്ക് ജോലിയിലേക്ക് തിരിക്കാം.
2. റെസിഡന്റ് പെർമിറ്റ് ഉള്ളവരിൽ, ഖത്തറിന്റെ പുറത്തു നിന്ന് വാക്സിൻ എടുത്തവരാണെങ്കിലും വാക്സീൻ ഇത് വരെ എടുത്തിട്ടില്ലെങ്കിലും 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്.
3. എല്ലാ തരം വിസിറ്റേഴ്‌സ് വിസ (ടൂറിസ്റ്റ്, ഫാമിലി) യിലുള്ള വാക്സീൻ എടുത്തവർക്കും 10 ദിവസ ക്വാറന്റീൻ നിർബന്ധമാണ്. വാക്സീൻ എടുക്കാത്തവർക്ക് വിസിറ്റേഴ്‌സ് വിസ അനുവദിക്കില്ല.