ഖത്തറിൽ ശൈത്യകാലം അടുത്തിരിക്കെ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ കഴിവതും നേരത്തെ ഫ്‌ലൂ വാക്സീൻ എടുത്തിരിക്കണമെന്നു ഹമദ് മെഡിക്കൽ കോർപ്പറേഷൻ വിദഗ്ധർ വ്യക്തമാക്കി.
പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ദുർബലമാകുമെന്നതിനാൽ 50 വയസ്സിന് മുകളിലുള്ളവർ ഫ്‌ലൂ ബാധയ്ക്ക് കൂടുതൽ റിസ്ക് ഉള്ളവരാണെന്നു ഖത്തർ ഹെൽത്ത് സ്ട്രാറ്റജി ലീഡ് ആയ ഡോ. ഹനാദ് അൽ ഹമദ് പറഞ്ഞു.
കാലാവസ്‌ഥ മാറുകയും ശൈത്യം ആഗതമാകുകയും ചെയ്യുന്നതോടെ ഖത്തറിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട ഇൻഫ്ലുവൻസ ബാധയുമായി ആശുപത്രിയിൽ എത്തുന്നവർ നിരവധിയാണ്. 50 വയസ്സിന് മുകളിലുള്ളവരിൽ ഇത് ഗുരുതരമാകുന്നത് പരിഗണിച്ചാണ് ഇവർ വാക്സീൻ എടുക്കേണ്ടത് പ്രസക്തമാകുന്നതെന്നും അവർ വിശദമാക്കി. ഫ്ലൂ ബാധ ന്യൂമോണിയയിലേക്കും നിലവിലുള്ള ഹൃദ്രോഗം, ആസ്ത്മ, ഡയബറ്റിസ് പോലുള്ള രോഗങ്ങൾ മോശമാകുന്നതിലേക്കും നയിക്കും.
രാജ്യത്തെ 27 പിഎച്സിസി കേന്ദ്രങ്ങളിലും 45 സ്വകാര്യ ക്ലിനിക്കുകളിലും ഫ്ലൂ വാക്സീൻ ലഭ്യമാണ്. ഫ്ലൂ വാക്സീനുമായി ബന്ധപ്പെട്ട ബുക്കിംഗിനും മറ്റു വിവരങ്ങൾക്കും, www.fighttheflu.qa എന്ന ലിങ്ക് സന്ദർശിക്കുക.