പുതിയ ട്രാവൽ നയം: യാത്രക്കാർക്കുള്ള നിർദ്ദേശങ്ങളുമായി ഹമദ് വിമാനത്താവളം
ഖത്തറിന്റെ പുതുക്കിയ ട്രാവൽ ആൻഡ് റിട്ടേൺ പോളിസി ഫെബ്രുവരി 28 വൈകിട്ട് 7 മുതൽ നിലവിൽ വരുന്നതിന് മുന്നോടിയായി, യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിലവിലെ സുരക്ഷാ നടപടികളെക്കുറിച്ച് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) ഓർമ്മിപ്പിച്ചു.
പനി, വരണ്ട ചുമ, ശ്വാസതടസ്സം, മണമോ രുചിയോ നഷ്‌ടപ്പെടൽ എന്നീ ലക്ഷണങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
യാത്രക്കാർ അവരുടെ ഫ്ലൈറ്റിന് മൂന്ന് മണിക്കൂറിൽ കൂടുതൽ മുമ്പായി വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതില്ല. യാത്ര ചെയ്യുന്നവർക്ക് മാത്രമേ ടെർമിനലിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും HIA മുന്നറിയിപ്പിൽ പറഞ്ഞു.
എയർപോർട്ട് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും സൈനേജുകളും സ്‌ക്രീനുകളും വഴി വിമാനത്താവളത്തിലുടനീളം പ്രദർശിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അപ്‌ഡേറ്റ് കൂട്ടിച്ചേർത്തു.