
ഖത്തറിലെ ആരോഗ്യമേഖലയിൽ സേവനം അനുഷ്ഠിക്കുന്ന പ്രൊഫഷണലുകളുടെ രജിസ്ട്രേഷൻ, ലൈസൻസിംഗ് നടപടിക്രമങ്ങൾ പരിഷ്കരിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പുതിയ സർക്കുലർ പുറത്തിറക്കി. ആരോഗ്യപ്രവർത്തകർക്ക് ഭരണപരമായ തടസ്സങ്ങളില്ലാതെ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നതാണ് ഈ മാറ്റങ്ങൾ.
പ്രധാന ലക്ഷ്യങ്ങൾ:
🔸 ആരോഗ്യമേഖലയിലെ തൊഴിൽ ശക്തി വർദ്ധിപ്പിക്കുക.
🔸 ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ലൈസൻസിംഗ് നടപടിക്രമങ്ങൾ വേഗത്തിലാക്കുക.
🔸 യോഗ്യരായ ബിരുദധാരികളെ വേഗത്തിൽ ആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കുക.
ഇളവുകൾ ലഭിക്കുന്ന പ്രധാന വിഭാഗങ്ങൾ:
മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം താഴെ പറയുന്ന മൂന്ന് വിഭാഗങ്ങൾക്കാണ് പ്രധാനമായും ഇളവുകൾ ലഭിക്കുക:
🔹 ഖത്തരി പൗരന്മാർ.
🔹 ഖത്തരി വനിതകളുടെ മക്കൾ.
🔹 ഖത്തർ ഫാമിലി റെസിഡൻസി പെർമിറ്റ് ഉള്ളവർ.
പ്രവൃത്തിപരിചയത്തിൽ നൽകിയ ഇളവുകൾ:
ഖത്തറിലെ സർക്കാർ/സ്വകാര്യ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയവർക്ക് ലൈസൻസ് ലഭിക്കുന്നതിന് പ്രവൃത്തിപരിചയം (Experience) വേണമെന്ന നിബന്ധനയിൽ മന്ത്രാലയം വലിയ ഇളവുകൾ പ്രഖ്യാപിച്ചു:
🔸 ജനറൽ ഡെന്റിസ്ട്രി, ഫാർമസി, നഴ്സിംഗ്, അനുബന്ധ ആരോഗ്യ വിഭാഗങ്ങൾ (Allied Health) എന്നിവയിൽ ഖത്തറിൽ നിന്ന് ബിരുദം നേടിയവർക്ക് പ്രവൃത്തിപരിചയം നിർബന്ധമില്ല.
🔸 ഖത്തറിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയ ഖത്തരികൾക്കും ഖത്തരി വനിതകളുടെ മക്കൾക്കും ചില പ്രത്യേക വിഭാഗങ്ങളിൽ മുൻഗണനകൾ ലഭിക്കും.
ഡോക്ടർമാർക്കുള്ള പുതിയ നിബന്ധനകൾ:
ഖത്തറിലെ സർവ്വകലാശാലകളിൽ നിന്ന് ബിരുദം പൂർത്തിയാക്കുന്ന ഡോക്ടർമാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
🔹 ജനറൽ പ്രാക്ടീഷണർ ലൈസൻസിനായി ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇത് ഇന്റേൺഷിപ്പ് വഴിയോ സൂപ്പർവൈസ്ഡ് ലൈസൻസ് വഴിയോ പൂർത്തിയാക്കാം.
🔹 ബിരുദത്തിന് ശേഷം നേരിട്ട് മെഡിക്കൽ റെസിഡൻസി പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നവർക്ക് ഇന്റേൺഷിപ്പ് നിർബന്ധമില്ല. ഇവർക്ക് ‘റെസിഡന്റ് ഫിസിഷ്യൻ’ ലൈസൻസ് നേരിട്ട് അനുവദിക്കും.
മറ്റ് പ്രധാന വിവരങ്ങൾ:
🔸 ഫാമിലി റെസിഡൻസി പെർമിറ്റ് ഉള്ളവർക്ക് ആവശ്യമായ പ്രവൃത്തിപരിചയം ഖത്തറിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിശ്ചിത നിരീക്ഷണത്തിന് കീഴിൽ (Supervision) പൂർത്തിയാക്കാൻ അനുമതി നൽകും.
🔸 ഖത്തറിലെ ആരോഗ്യമേഖലയുടെ വികസനത്തിനും കൂടുതൽ വിദഗ്ധരെ ഈ രംഗത്തേക്ക് ആകർഷിക്കാനും പുതിയ പോളിസി ഉപകരിക്കുമെന്ന് രജിസ്ട്രേഷൻ വിഭാഗം ഡയറക്ടർ ജവാഹർ അൽ അലി വ്യക്തമാക്കി.




