പുതിയ അധ്യയന വർഷം: കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ നിർദ്ദേശങ്ങൾ

ഖത്തറിലുടനീളമുള്ള വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിനായി ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തിയ വേളയിൽ, കുട്ടികളുടെ വളർച്ച, പഠനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കായുള്ള ആരോഗ്യകരമായ ദിനചര്യകൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
“ഉപകാരപ്രദമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഓരോ കുട്ടിയേയും ആത്മവിശ്വാസത്തോടെ പഠനത്തിന് സഹായിക്കാൻ ഞങ്ങൾക്ക് കഴിയും,” മന്ത്രാലയം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. പോഷകസമൃദ്ധവും സമീകൃതവുമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന് പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതോടൊപ്പം, സ്കൂൾ കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പ്രായോഗിക നുറുങ്ങുകൾ MoPH പങ്കുവെച്ചു:
– പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഗുണങ്ങൾ വിശദീകരിക്കുന്നതിനൊപ്പം, സ്വന്തം ലഞ്ച്ബോക്സ് ആരോഗ്യകരമായി തയ്യാറാക്കുന്നതിൽ കുട്ടികളെ ഉൾപ്പെടുത്തുക.
– ഊർജ്ജവും ഏകാഗ്രതയും നിലനിർത്താൻ പച്ചക്കറികൾ, പഴങ്ങൾ, രുചിയില്ലാത്ത കുറഞ്ഞ കൊഴുപ്പ് തൈര് തുടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ നൽകുക.
– ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിന് ആഴ്ചയിൽ രണ്ടുതവണയെങ്കിലും വിവിധതരം മത്സ്യങ്ങൾ ഉൾപ്പെടുത്തുക.
– ഫാറ്റയർ, ക്രോസന്റ് അല്ലെങ്കിൽ മഫിൻ എന്നിവയ്ക്ക് പകരം ഒരു പാത്രം ഓട്സ്, ധാന്യങ്ങൾ, പ്രോട്ടീൻ തുടങ്ങിയവ കൊണ്ട് ദിവസം ആരംഭിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
– എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് കൊഴുപ്പ് കുറഞ്ഞ പാലും പാലുൽപ്പന്നങ്ങളും ദിവസവും കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക.
– മാതാപിതാക്കൾ എന്ന നിലയിൽ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിച്ചും പോഷകസമൃദ്ധമായ കുടുംബ ഭക്ഷണം ഒരുമിച്ച് പങ്കിട്ടും മാതൃക സൃഷ്ടിക്കുക.
ഈ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ, ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാനും വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിനൊപ്പം അക്കാദമികമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കാനും MOPH ലക്ഷ്യമിടുന്നു.