ദോഹ: ഖത്തറിൽ റെസിഡന്റ്, വിസിറ്റ് വീസകളിൽ എത്തുന്ന പ്രവാസികൾക്ക് ഹെൽത്ത് ഇൻഷ്വറൻസ് ആറ് മാസത്തിനുള്ളിൽ നിർബന്ധമാകും. ഇത് സംബന്ധിച്ച നിയമം (നമ്പർ 22, 2021) അമീർ ഷെയ്ഖ് തമീം ഒക്ടോബർ 19 ന് പ്രഖ്യാപിച്ചു. ഒഫിഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 6 മാസത്തിനുള്ളിലാണ് നിയമം പ്രാബല്യത്തിൽ വരിക. ഇക്കാലയളവിലും സേവനം പ്രവാസികൾക്ക് ലഭ്യമാകുന്നതിനൊപ്പം വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിടുകയും ചെയ്യും.
പുതിയ നിയമത്തോടെ, ഖത്തറിലെ ഗവണ്മെന്റ്, സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യസേവനങ്ങൾ ഇൻഷുറൻസ് കവറേജ് പോളിസിയിൽ ഉൾപ്പെടുത്തി പ്രവാസികൾക്കും ലഭ്യമാകും. പ്രസ്തുത പോളിസിയിൽ രജിസ്റ്റർ ചെയ്ത് തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണ്.
ഖത്തറിൽ റെസിഡന്റ്/വിസിറ്റ് വീസകൾ ലഭിക്കാൻ ഹെൽത്ത് ഇൻഷ്വറൻസ് ആവശ്യരേഖ ആവുകയും ചെയ്യും. പ്രവാസി ഖത്തറിലുണ്ടാവുന്ന മുഴുവൻ കാലയളവിലേക്കുമാണ് ഇന്‍ഷുർ ചെയ്യേണ്ടത്.