ബന്ധം ശക്തമാകുന്നതിന്റെ സൂചന നൽകി യുഎഇ മന്ത്രി വീണ്ടും ഖത്തറിൽ
ഖത്തർ സന്ദർശനത്തിനായി ദോഹയിലെത്തിയ യുഎഇ വിദേശകാര്യവിഭാഗം മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഷെയ്ഖ് സഖ്ബൂത്ത് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ഥാനി കൂടിക്കാഴ്ച്ച നടത്തി.
ഉഭയ കക്ഷി സഹകരണം സംബന്ധിച്ച അവലോകനത്തിനൊപ്പം ഇരുരാജ്യങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന രീതിയിൽ ബന്ധം ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ചർച്ചയുടെ ഭാഗമായി.
നേരത്തെ ഷെയ്ഖ് മുഹമ്മദ് ഈ മാസം ആദ്യം അബൂദാബി സന്ദര്‍ശിച്ചിരുന്നു. 2017 ല്‍ ആരംഭിച്ച ജിസിസി-ഖത്തർ ഉപരോധ പ്രതിസന്ധിക്ക് ശേഷം ഒരു ഖത്തര്‍ ഉന്നതൻ നടത്തുന്ന ആദ്യ യുഎഇ സന്ദര്‍ശനം കൂടിയായിരുന്നു അത്. അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും അദ്ദേഹം ചർച്ച നടത്തി.
ആഗസ്തില്‍ യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തറിലെത്തി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി സംസാരിച്ചതോടെ അൽ ഉലയ്ക്ക് ശേഷമുള്ള മഞ്ഞുരുക്കത്തിൽ യുഎഇയും ഭാഗമായി. പുതിയ സന്ദർശനങ്ങളും യുഎഇ ഖത്തർ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകളാണ് നൽകുന്നത്.