Qatar

ഗ്രാൻഡ് മാളിൽ സാഹോദര്യത്തിന്റെ നിറങ്ങളാൽ തെളിഞ്ഞ ഓണക്കള മത്സരം

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, നടുമുറ്റം വിമൻസ് അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഓണക്കള മത്സരം ശ്രദ്ധേയമായി. സെപ്റ്റംബർ 26-ന് വെള്ളിയാഴ്ച ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ദാൻ മാൾ വുകൈർ സ്റ്റോറിൽ വെച്ചു നടന്ന ഈ പരിപാടിയിൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവിധ അസോസിയേഷനുകളുടെ ടീമംഗങ്ങൾ പങ്കെടുത്തു.

“സാഹോദര്യം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ വൈവിധ്യമാർന്ന സൃഷ്ടികളുമായി മത്സരാർത്ഥികൾ രംഗത്തെത്തി. ഒന്നാം സ്ഥാനക്കാർക്ക് 1500 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം 1000 റിയാൽ ക്യാഷ് പ്രൈസും ട്രോഫിയും മൂന്നാം സ്ഥാനം 500 റിയാൽ ക്യാഷ് പ്രൈസും ട്രോഫിയും ആയിരുന്നു സമ്മാനം. മാമോക് അലുംനി ഖത്തർ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം ടീം അഗ്മ യും ടീം മുശീയരിബും സ്വന്തമാക്കി.

വിജയികളായ മത്സരാർത്ഥികൾക്ക് ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കലിന്റെ നേതൃത്വത്തിൽ ക്യാഷ് പ്രൈസ്, ട്രോഫി, സെര്ടിഫിക്കറ്റ്സ് എന്നിവ വിതരണം ചെയ്തു. ഏരിയ മാനേജർ ബഷീർ പരപ്പിൽ, മാള് മാനേജർമാരായ കാർത്തിക്, രാധാകൃഷ്ണൻ, മാർക്കറ്റിംഗ് മാനേജർ ഷംസീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കുടുംബങ്ങൾക്കും കുട്ടികൾക്കും സന്തോഷവും സൗഹൃദവും പകരുന്ന ഇത്തരം സാംസ്കാരിക പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Related Articles

Back to top button