ഖത്തറിൽ വീസ നിയമം ലംഘിച്ചവർക്ക് ഒത്തുതീർപ്പിനുള്ള ‘ഗ്രേസ് പിരീഡ്’ ഏപ്രിൽ 30 വരെ നീട്ടി
ഖത്തറിൽ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള ഗ്രേസ് പിരീഡ് ആഭ്യന്തര മന്ത്രാലയം 2022 ഏപ്രിൽ 30 വരെ നീട്ടി. നേരത്തെ 2021 ഒക്ടോബര്‍ 10 മുതൽ ആരംഭിച്ച പദ്ധതി 2022 മാർച്ച് 31 ന് അവസാനിച്ചിരുന്നു.
നിയമലംഘകർക്ക് 50% പിഴയിളവും ലഭിക്കും. റെസിഡൻസി പുതുക്കാനും കമ്പനി മാറാനും ഉൾപ്പെടെ ഇതിലൂടെ സാധിക്കും.
നിലവിൽ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്സർഷിപ്പ് മാറേണ്ട പ്രവാസികൾ ഉമ്മ് സലാല്‍, ഉമ്മ് സുനൈം, മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലാണ് സമീപിക്കേണ്ടത്.
എന്നാൽ നിലവിലെ സ്പോണ്സറുടെ കീഴിൽ തന്നെ വിസ പുതുക്കേണ്ടവർക്ക് എല്ലാ സർവീസ് സെന്ററുകളിലും (അൽ ശമാൽ, അൽ ഖോർ, അൽ ദയാൻ, ഉം സലാൽ, ദ പേൾ, ഉനൈസ, സൂഖ് വാഖിഫ്, അൽ റയ്യാൻ, ഉമ്മ് സെനയിം, അൽ ശഹാനിയ്യ, മിസൈമീർ, അൽ വക്റ, ദുഖാൻ) സെറ്റിൽമെന്റ് അപേക്ഷകൾ സമർപ്പിക്കാം.
ഉച്ചക്ക് 1 മണി മുതല് വൈകുന്നേരം 5 മണി വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട സമയം.
റെസിഡൻസി ചട്ടം ലംഘിച്ച പ്രവാസികൾ, തൊഴിൽ വീസ ചട്ടം ലംഘിച്ച പ്രവാസികൾ, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികൾ, വീസ നിയമം ലംഘിച്ച ഗാർഹിക തൊഴിലാളികൾ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക.
മേൽപ്പറഞ്ഞ വീസ നിയമങ്ങൾ ലംഘിച്ചു ഖത്തറിൽ അനധികൃതമായി താമസിക്കുന്ന ആർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.