ഖത്തർ ഗവൺമെന്റ് സ്കൂൾ പ്രവേശനം: സമയക്രമവും മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: 2026-2027 അധ്യയന വർഷത്തേക്കുള്ള സർക്കാർ സ്കൂൾ വിദ്യാർത്ഥി രജിസ്ട്രേഷനും സ്കൂൾ മാറ്റത്തിനുമുള്ള (Transfer) വിശദമായ നടപടിക്രമങ്ങൾ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. രക്ഷിതാക്കൾക്ക് ബുദ്ധിമുട്ടില്ലാതെ അപേക്ഷകൾ സമർപ്പിക്കാനായി ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന വിവരങ്ങൾ:
1. ഓട്ടോമേറ്റഡ് ട്രാൻസ്ഫർ (ഫെബ്രുവരി മുതൽ മാർച്ച് വരെ):
ഒരു വിദ്യാഭ്യാസ ഘട്ടം പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് (ഉദാഹരണത്തിന് കിന്റർഗാർഡനിൽ നിന്ന് പ്രൈമറിയിലേക്ക്) പ്രവേശിക്കുന്ന കുട്ടികൾക്കായി സ്കൂളുകൾ തന്നെ നേരിട്ട് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കും.
- തീയതി: ഫെബ്രുവരി മാസം സ്കൂളുകൾ ഈ നടപടികൾ പൂർത്തിയാക്കും.
- അറിയിപ്പ്: സ്കൂൾ മാറ്റം സംബന്ധിച്ച അറിയിപ്പ് രക്ഷിതാക്കൾക്ക് 2026 മാർച്ച് 29 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ലഭിക്കും.
2. പുതിയ രജിസ്ട്രേഷൻ തീയതികൾ:
എല്ലാ അപേക്ഷകളും ‘മാരിഫ്’ (Maaref) പബ്ലിക് സർവീസസ് പോർട്ടൽ വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
- ഒന്നാം ഘട്ടം (ഏപ്രിൽ 12, 2026): ഖത്തറി പൗരന്മാരുടെ സഹോദരങ്ങൾ, ഖത്തറി മാതാക്കളുടെ മക്കൾ, ജി.സി.സി പൗരന്മാരുടെ മക്കൾ എന്നിവർക്ക് മുൻഗണന.
- രണ്ടാം ഘട്ടം (മെയ് 24, 2026): എല്ലാ രാജ്യക്കാർക്കും രജിസ്ട്രേഷൻ ആരംഭിക്കും.
- മൂന്നാം ഘട്ടം (ഓഗസ്റ്റ് 25 – ഒക്ടോബർ 1, 2026): പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ അവസാനഘട്ട രജിസ്ട്രേഷൻ നടക്കും.
3. പ്രായപരിധി (Age Eligibility):
- പ്രീ-കിന്റർഗാർഡൻ: 2021-ൽ ജനിച്ച കുട്ടികൾക്ക്.
- കിന്റർഗാർഡൻ: 2022-ൽ ജനിച്ച കുട്ടികൾക്ക്.
- ഒന്നാം ക്ലാസ്: 2020 ഡിസംബർ 31-നോ അതിന് മുൻപോ ജനിച്ച കുട്ടികൾക്ക്.
4. ആവശ്യമായ രേഖകൾ:
കുട്ടിയുടെയും രക്ഷിതാവിന്റെയും ഖത്തർ ഐഡി (QID), ജനന സർട്ടിഫിക്കറ്റ്, ഹെൽത്ത് ഫയൽ, താമസസ്ഥലം തെളിയിക്കുന്നതിനുള്ള രേഖകൾ (വാടക കരാർ അല്ലെങ്കിൽ ഇലക്ട്രിസിറ്റി ബിൽ), സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ അത് തെളിയിക്കുന്ന രേഖ എന്നിവ തയ്യാറാക്കി വെക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.
5. പ്രത്യേക സ്കൂളുകൾ:
ദൂരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മക്കൾക്കായി 18 സർക്കാർ സ്കൂളുകൾ പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ താമസസ്ഥലത്തിന് അടുത്തുള്ള സ്കൂളുകൾ കണ്ടെത്താൻ മന്ത്രാലയത്തിന്റെ ‘വെയർ ഈസ് മൈ സ്കൂൾ’ (Where is My School) എന്ന ഇലക്ട്രോണിക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.




