ദോഹ: ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ അപ്പ്രൂവൽ നടപടികളും കയറ്റുമതി ക്ലിയറൻസും വേഗത്തിലാക്കാൻ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെയും പൊതുജനാരോഗ്യവകുപ്പിന്റെയും ഇലക്ട്രോണിക്-ഓണ്ലൈൻ സവിധാനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നു. ഖത്തറിലേക്കുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും ക്ലിയറൻസ് ചുമതലകളുള്ള ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്, നടപടികൾ വേഗത്തിലാക്കാനായി ആരംഭിച്ച ഓണ്ലൈൻ സംവിധാനമാണ് അൽ നദീബ്. ഖത്തറിൽ ഭക്ഷ്യവസ്തുക്കൾക്ക് പൊതുജനാരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിക്കാൻ ഉതകുംവിധമാണ് അൽ നദീബും ആരോഗ്യമന്ത്രാലയത്തിന്റെ ഓണ്ലൈൻ സംവിധാനവും പരസ്പരം ലിങ്ക് ചെയ്യുന്നത്. ഈ ഏകീകരണം പൊതുജനാരോഗ്യ വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം വലിയ രീതിയിൽ കുറക്കാൻ സഹായകമാകുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.