
ഖത്തറിലെ വസന്തകാലം രാജ്യത്തെ കൂൺ പ്രേമികൾക്ക് ആഘോഷകാലം കൂടിയാണ്. മരുഭൂമിയിലെ ആദ്യത്തെ മഴത്തുള്ളികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകായാണ് പ്രാദേശികമായി “ഫാഗ്ഗ” എന്നറിയപ്പെടുന്ന മരുഭൂമിയിലെ ട്രഫിൾസ് എന്ന ഒരിനം കൂണിന്റെ ആരാധകർ. ഫാഗ്ഗ തേടി മരുഭൂമിയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് ഇവർ.
എന്താണ് ഫാഗ്ഗ എന്നല്ലേ…ഒരു തരം സീസണൽ പ്രകൃതിദത്ത ഭൂഗർഭ ഫംഗസ് അഥവാ കൂണ് ആണിവ. സലാഡുകളിൽ അസംസ്കൃതമായി, പാലിൽ തിളപ്പിച്ച്, വെണ്ണയിൽ വറുത്ത്, ക്യാമ്പ് ഫയറിൽ വറുത്ത്, അല്ലെങ്കിൽ സ്റ്റഫ് അല്ലെങ്കിൽ പായസം രൂപത്തിൽ എന്നിങ്ങനെ പല തരത്തിൽ, അറബികൾ ട്രഫിൾസ് പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നു. ചില പരമ്പരാഗത ഖത്തറി വിഭവങ്ങൾ, പ്രത്യേകിച്ച് “മജ്ബൂസ്” തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.
ഒരു രുചികരമായ ഭക്ഷണം മാത്രമല്ല, പലർക്കും ലാഭകരമായ ബിസിനസ്സ് അവസരവുമാണ് ഫാഗ്ഗ സീസൺ. വില ഒരു കിലോഗ്രാമിന് നൂറു ഖത്തർ റിയാൽ മുതൽ ആയിരക്കണക്കിന് റിയാലുകൾ വരെയാണ്.
ഖത്തരി മരുഭൂമികളിലെ ട്രഫിൾ വേട്ട പര്യവേഷണങ്ങൾ പൂർത്തിയാക്കിയ ശേഷം, വിൽപ്പനക്കാർ തങ്ങളുടെ വിളവെടുപ്പ് ശേഖരിച്ച് ദോഹയിലെ സൂഖ് വാഖിഫിൻ്റെ കിഴക്കൻ സ്ക്വയറിലേക്ക് പോകുന്നു, അവിടെ ദിവസവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12:30 വരെ ട്രഫിൾ ലേലം നടക്കും.
അപൂർവവും ഗുണമേന്മയുള്ളതുമായി അറിയപ്പെടുന്ന ഖത്തറി ട്രഫിൾസ് തൽഫലമായി ഏറ്റവും ചെലവേറിയതാണ്, ഒരു കിലോഗ്രാമിന് 2,000 ഖത്തർ റിയാൽ വരെ വില ഉയർന്നിട്ടുണ്ട്. ഉയർന്ന വില ഉണ്ടായിരുന്നിട്ടും, അവ വിപണിയിൽ ഏറ്റവും ഡിമാന്റോടെ തന്നെ തിളങ്ങുന്നു.
ഖത്തറികളും അറബ് നിവാസികളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും വളരെക്കാലമായി മരുഭൂമിയിലെ ട്രഫിൾസിനോട് ശക്തമായ താൽപ്പര്യം കാണിക്കുന്നു. സീസൺ അവസാനിക്കുന്നതിന് മുമ്പ് തങ്ങളുടെ ‘ഫഗ്ഗ’ സ്വന്തമാക്കാൻ പലരും സൂഖ് വാഖിഫിലെ ട്രഫിൾ ലേലത്തിൽ രാവിലെ മുതൽ അണിനിരക്കുന്നത് പതിവ് കാഴ്ചയാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD