കൂറ്റൻ ചെലവിൽ ഖത്തറിലെ ഏറ്റവും വലിയ ടണലുകളിലൊന്ന് കുഴിച്ചു തുടങ്ങി
ദോഹ: അൽ വക്രയിലെയും അൽ വുക്കൈറിലെയും ഡ്രെയിനേജ് ടണൽ പ്രോജക്ടിനുള്ളിലെ 13 കിലോമീറ്ററിലധികം നീളുന്ന പ്രധാന ഡ്രെയിനേജ് ടണലിന്റെ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗാൽ’ അറിയിച്ചു.
പ്രോജക്ട് സൈറ്റിലെ ഫീൽഡ് സന്ദർശന വേളയിൽ, തുരങ്ക ഖനനത്തിനായി ഉപയോഗിക്കുന്ന ടണൽ ബോറിംഗ് മെഷീന്റെ (ടിബിഎം) പ്രവർത്തനത്തിന് അഷ്ഗാൽ തുടക്കം കുറിച്ചു.
പദ്ധതിയുടെ ചെലവ് 859,100,000 ഖത്തർ റിയാൽ ആണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയുമാണ് ഇത്.
അൽ വക്രയിലെയും അൽ വുക്കൈറിലെയും ഡ്രെയിനേജ് ടണൽ, ഖത്തറിലെ ഏറ്റവും വലിയ ഡ്രെയിനേജ് ടണലുകളിൽ ഒന്നാണ്. മൊത്തം 13.3 കിലോമീറ്റർ നീളവും 4.5 മീറ്റർ വ്യാസവുമുള്ളതായി ഡിപ്പാർട്ട്‌മെന്റ് മാനേജർ ഖാലിദ് സെയ്ഫ് അൽ ഖയാറീൻ ചൂണ്ടിക്കാട്ടി.
അൽ വക്രയിലെയും അൽ വുകൈറിലെയും വിവിധ പ്രദേശങ്ങളിലെ നിലവിലുള്ളതും ഭാവിയിലേതുമായ ഡ്രെയിനേജ് ശൃംഖലയിൽ നിന്നുള്ള 150 ദശലക്ഷം ലിറ്റർ പ്രവാഹങ്ങളെ പ്രതിദിനം തുരങ്കം ഉൾക്കൊള്ളും. ഈ പ്രവാഹങ്ങൾ അൽ വക്ര, അൽ വുഖൈർ മലിനജല സംസ്‌കരണ പ്രവർത്തനങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുത്വാകർഷണത്താൽ പ്രവർത്തിക്കുന്ന പ്രധാന ഡ്രെയിനേജ് ടണൽ അൽ ഖുവൈറ്റിം മുതൽ ബിർകത്ത് അൽ അവമീർ പ്രദേശങ്ങൾ വരെ നീളും. 2 ഡീപ്പ് ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) ഉപയോഗിച്ച് ഭൂമിക്കടിയിൽ 60 മീറ്റർ താഴ്ചയിലാണ് ഖനനം നടത്തുന്നത്.
ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസൃതമായി, ഉത്ഖനന പ്രക്രിയയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും തൊഴിലാളികൾക്ക് പരമാവധി സുരക്ഷ നൽകുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നവയാണ് മെഷീനുകൾ.
തുരങ്കത്തിന് ചുറ്റുമുള്ള സേവനങ്ങൾക്കോ സൗകര്യങ്ങൾക്കോ കേടുപാടുകൾ സംഭവിക്കില്ലെന്നും അഷ്‌ഗൽ ഉറപ്പുനൽകുന്നു.
ഭൂമിയിൽ നിന്ന് 50 മുതൽ 63 മീറ്റർ വരെ ആഴത്തിൽ തുരങ്കത്തിന്റെ അടിഭാഗം വരെ എട്ട് ഷാഫ്റ്റുകൾ നിർമ്മിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ആഴത്തിലുള്ള ഉത്ഖനന പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനും തുരങ്കത്തിന്റെ പരിശോധനകളും ആനുകാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഈ ഷാഫ്റ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ സമീപ പ്രദേശങ്ങളിലെ ഡ്രെയിനേജ് ശൃംഖലയുമായി തുരങ്കം ബന്ധിപ്പിക്കുന്നതിനും ഷാഫ്റ്റുകൾ സഹായിക്കും.
പ്രധാന ഡ്രെയിനേജ് ടണലിന്റെ ഡിസൈൻ ആയുസ്സ് ഏകദേശം 100 വർഷമാണ്. തുരങ്കത്തിന്റെ നൂതനമായ രൂപകല്പന സർവമേഖലയിലും ഈടുനിൽപ്പും ഗുണമേന്മയും ഉറപ്പാക്കും.
ഇവ കൂടാതെ, അൽ വക്രയിലെയും അൽ വുഖൈറിലെയും ഡ്രെയിനേജ് നെറ്റ്‌വർക്ക് ശാഖകളും സംസ്‌കരിച്ച മലിനജല ലൈനുകളും ഉൾപ്പെടുന്ന രണ്ട് അധിക പാക്കേജുകളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.