ഖത്തറിൽ സ്വകാര്യ സ്‌കൂളുകളിലെ അടിക്കടി ഫീസ് വർധനവിൽ നിയന്ത്രണം; സർക്കാർ അനുമതി നിർബന്ധം
ദോഹ: ഖത്തറിലെ പ്രൈവറ്റ് സ്‌കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർധനവിൽ നിയന്ത്രണം. ഏത് തരം ഫീസ് വർധനകൾക്ക് മുന്നോടിയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണെന്നു ഖത്തർ പ്രൈവറ്റ് സ്‌കൂൾ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. മന്ത്രാലയത്തിന്റെ അംഗീകൃത പരിധിയിലില്ലാത്ത ഫീസുകൾ ഈടാക്കുന്ന സ്കൂളുകളെ നിരീക്ഷിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ സ്വകാര്യ സ്‌കൂളുകൾക്ക് തോന്നും പടി ഫീസ് വർധിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രസ്താവന വിശദീകരിക്കുന്നു. ഇത്തരം വർധനകൾ കുറ്റകൃത്യമായി കണക്കാക്കും.
ഫീസ് വർധന ആവശ്യപ്പെടുന്ന സ്‌കൂളുകൾ, കൃത്യമായ കാരണം വിശദമാക്കി വകുപ്പ് വിഭാഗം മുൻപായി അപേക്ഷ സമർപ്പിക്കണം. അനിവാര്യമായ സാമ്പത്തിക ബാധ്യത, ഉയർന്ന വാടകയിലുള്ള ക്യാംപസ് മാറ്റം തുടങ്ങിയ ഒഴിവാക്കാനാകാത്ത കാരണങ്ങൾക്ക് മാത്രമേ ഫീസ് വർധന അനുവദിക്കുകയുള്ളൂ. വർധനയ്ക്ക് ആനുപാതികമായ ഗുണമേന്മ വിദ്യാഭ്യാസ സേവനങ്ങളിലും ലഭ്യമാകണമെന്നും മന്ത്രാലയത്തിന്റെ നിർദ്ദേശം വ്യക്തമാക്കുന്നു.
ഖത്തറിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ജിസിസിയിലെ തന്നെ ഉയർന്നതാണെന്നും അടിക്കടിയുള്ള വർധനക്കെതിരെ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി.