Qatar

ഖത്തറിൽ സ്വകാര്യ സ്‌കൂൾ ടീച്ചർ പെണ്കുട്ടികൾക്ക് ഗുളിക നൽകിയ പരാതിയിൽ നടപടിയുമായി മന്ത്രാലയം

ഖത്തറിൽ സ്വകാര്യ സ്‌കൂൾ ടീച്ചർ ചില വിദ്യാർത്ഥികൾക്ക് ഗുളിക നൽകിയെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

പരീക്ഷാ ഉത്കണ്ഠ ഒഴിവാക്കുന്നതിനായി ഒരു സ്വകാര്യ സെക്കൻഡറി സ്കൂളിലെ ടീച്ചർ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്ക് മയക്കു ഗുളിക വിതരണം ചെയ്തുവെന്ന കുട്ടിയുടെ അമ്മയുടെ സോഷ്യൽ മീഡിയയിലെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അമ്മയുടെ പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

 “ഒരു സ്വകാര്യ സെക്കൻഡറി സ്കൂളിൽ, പരീക്ഷാ ഉത്കണ്ഠ ഒഴിവാക്കാൻ ഒരു അധ്യാപകൻ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്ക് മയക്കു ഗുളികകൾ വിതരണം ചെയ്തു” എന്നായിരുന്നു @NawaryH എന്ന വ്യക്തി ട്വിറ്ററിൽ, നവംബർ 19 വെള്ളിയാഴ്ച അറബിയിൽ ട്വീറ്റ് ചെയ്തത്.

“അഡിക്റ്റീവ് ആയ ആശയങ്ങൾ തങ്ങളുടെ കുട്ടികളിൽ സ്‌കൂളുകൾ സ്ഥാപിക്കുന്ന ഘട്ടമെത്തി” എന്ന ആശങ്കയും ട്വീറ്റിലെ വാചകങ്ങളിലുണ്ട്. മന്ത്രാലയത്തെയും മറ്റ് രണ്ട് പ്രശസ്ത അറബി മാധ്യമ പ്രൊഫഷണലുകളെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിനും പരാതി നൽകിയതായി അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുടർന്ന് ഖത്തറിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇൻഫ്ലുവൻസറുമായ ഹസ്സൻ അൽ സായ് ഉൾപ്പെടെയുള്ളവർ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

പ്രസ്തുത സ്‌കൂൾ അധികൃതർ തന്നെ ബന്ധപ്പെട്ടതായും തികച്ചും ടീച്ചറുടെ വ്യക്തിഗതമായ തെറ്റാണിതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അന്വേഷണത്തിനൊപ്പം അന്നേ ദിവസം തന്നെ പ്രസ്തുത വ്യക്തിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഏറ്റവും പുതിയ ട്വീറ്റുകളിൽ ഹസ്സൻ അൽ സായ് വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button