മതവികാരം വ്രണപ്പെടുത്തി; ദുൽഖർ ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്
ഹന രാഘവപുടി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാ രാമം ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചതായി റിപ്പോർട്ട്. ലോകവ്യാപകമായി ഇന്നാണ് ചിത്രത്തിന്റെ റിലീസ്.
ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ സീതാ രാമം റിലീസ് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. അതേസമയം, കൃത്യമായ നിരോധന കാരണം അജ്ഞാതമാണെങ്കിലും, ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് അനുമാനം.
ചിത്രത്തിന്റെ റീ സെൻസറിങ്ങിന് നിർമ്മാതാക്കൾ അപേക്ഷ നൽകിയിട്ടുണ്ട്.
ദുൽഖർ സൽമാന്റെ സിനിമകൾക്ക് ഗൾഫ് രാജ്യങ്ങൾ വലിയ വിപണിയായതിനാൽ ഈ നീക്കം വലിയ തിരിച്ചടിയാകുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. ഗൾഫ് മേഖലയിൽ കടുത്ത ആരാധകവൃദ്ധമാണ് ദുൽഖറിനുള്ളത്.
ദുൽഖർ അവതരിപ്പിക്കുന്ന ലെഫ്റ്റനന്റ് റാമിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള റൊമാന്റിക് ഡ്രാമയാണ് ചിത്രം. മഹാനടിക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രവുമാണിത്.
കശ്മീരിലും ഹൈദരാബാദിലുമായാണ് സിനിമയുടെ ചിത്രീകരണം. മൃണാൾ താക്കൂറും രശ്മിക മന്ദാനയും നായികമാരായി എത്തുന്ന സിനിമയിൽ ഗൗതം മേനോനും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.