വാക്സീൻ എടുക്കാത്ത ഇന്ത്യക്കാർക്കും ദുബായിലേക്ക് യാത്രാനുമതി.
ദുബായ്: ഇന്ത്യയിൽ നിന്നുള്ള, വാക്സീൻ എടുക്കാത്ത യാത്രക്കാർക്കും ദുബായിലേക്ക് യാത്രാനുമതി. ദുബായ് റെസിഡന്റ് വിസ ഉള്ളവർക്ക് മാത്രമാണ് നിലവിൽ അനുമതി ലഭ്യമാവുക. ഇവർക്ക്, ജിഡിആർഎഫ്എ അനുമതിയും 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് ആർട്ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വേണം. വിമാനത്താവളത്തിൽ വച്ച് 4 മണിക്കൂറിനുള്ളിൽ എടുത്ത റാപ്പിഡ് പിസിആർ നെഗറ്റീവ് റിപ്പോർട്ടും ഉണ്ടായിരിക്കണം.
ഇന്ന് നേരത്തെ, ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സീൻ 2 ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ട ദുബായ് റെസിഡന്റ് വിസയുള്ളവർക്ക് ദുബായിലേക്ക് യാത്രാനുമതി നൽകിയതായി ബജറ്റ് എയർലൈൻ ആയ ഫ്‌ളൈ ദുബായ് യുഎഇയിലെ ട്രാവൽ ഏജൻസികളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിറകെയാണ് വാക്സീൻ എടുക്കാത്തവർക്കും, യാത്രാനുമതി നൽകിയതായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എമിറേറ്റ്‌സ് എയർലൈനും എയർ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ച് സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.
യുഎഇയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് ഓഗസ്റ്റ് 5 മുതൽ തന്നെ യുഎഇ സർക്കാർ പ്രവേശനാനുമതി നൽകിയിരുന്നു. അബുദാബി ഉൾപ്പെടെ മറ്റു എമിറേറ്റുകളിലെ പ്രവേശനത്തിന് യുഎഇയിൽ നിന്നുള്ള വാക്സിനേഷൻ എന്ന നിബന്ധന തുടരുകയാണ്. ദുബായ് റെസിഡന്റ് വിസയുള്ളവർക്ക് മാത്രമാണ് പുതിയ ഇളവ് ലഭ്യമാവുക.
Hi, Dubai residence visa holders can travel as long as they present a printout of GDRFA approval, a negative PCR test taken within 48 hours of departure and a negative Rapid PCR test taken 04 hours prior to travel. Kindly DM us if you have more queries. https://t.co/pPS8nj0zog.
— Emirates Support (@EmiratesSupport) August 9, 2021