യാത്രാമധ്യേ ഖത്തറിലിറങ്ങി ഡോണൾഡ് ട്രംപ്; അമീറുമായി കൂടിക്കാഴ്ച നടത്തി

യൂറോപ്യൻ സന്ദർശനത്തിന് ശേഷം മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദോഹയിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ശനിയാഴ്ച വൈകുന്നേരം എയർഫോഴ്‌സ് വണ്ണിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും സന്നിഹിതനായി.
ഗസ്സ വെടിനിർത്തൽ സമാധാന ഉടമ്പടിയിൽ പ്രധാന പങ്കാളികളായ ഇരുരാരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച നിർണായക പ്രധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ട്രംപ് ഖത്തറിൽ ഇറങ്ങുന്ന വിവരം നേരത്തെ അറിയിച്ചിരുന്നു. യുഎസ് സൈന്യത്തിനും ആയിരക്കണക്കിന് അമേരിക്കൻ സൈനികർക്കും വേണ്ടിയുള്ള പ്രാദേശിക ആസ്ഥാനമാണ് അൽ ഉദൈദ് എയർബേയ്‌സ്.
ജനുവരിയിൽ അധികാരമേറ്റതിനുശേഷം ട്രംപ് ആദ്യമായാണ് ഏഷ്യയിലേക്ക് യാത്ര ചെയ്യുന്നത്. രണ്ട് പ്രാദേശിക ഉച്ചകോടികളും ചൈനയുടെ ഷി ജിൻപിങ്ങും മറ്റ് നേതാക്കളുമായുള്ള മുഖാമുഖ കൂടിക്കാഴ്ചയും അജണ്ടയിലുണ്ട്.




