നിയന്ത്രണങ്ങൾ നീക്കി, ഗതാഗതക്കരുക്കിൽ ദോഹ, സംയുക്തയോഗം ചേർന്ന് സർക്കാർ
ഒക്ടോബർ 3 മുതൽ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ രീതിയിൽ ഇളവ് വരുത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും 100 ശതമാനം ഒക്യൂപൻസിയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതോടെ റോഡുകളിൽ വർധിച്ച തിരക്ക്. കൂടുതൽ പേർ ഒരേ സമയം റോഡിലെത്തിയതോടെ ദോഹയിൽ ഗാതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ട്രാഫിക്ക് കുരുക്ക് ജനങ്ങളെ വളരെയേറെ ബാധിച്ചതായി വ്യക്തമാക്കുന്നതാണ് പല സോഷ്യൽ മീഡിയ കമന്റുകളും. കോവിഡ് സാഹചര്യത്തിന് മുന്പുണ്ടായിരുന്നതിന് സമാനമായ ട്രാഫിക്ക് കുരുക്ക് തിരിച്ചുവന്നതായും ജോലിക്ക് പോകുന്നതിനായി ഒരു മണിക്കൂറോളം അധികസമയം എടുക്കുന്നതായും ട്വീറ്റുകൾ വ്യക്തമാക്കുന്നു. ഡ്രൈവിംഗിനായി 2 മണിക്കൂറോളം ചിലവിടേണ്ടി വരുന്നു, ഒപ്പം ഇടത് വലത് ഭാഗങ്ങൾ വ്യത്യാസമില്ലാതെ ഓവർടേക്കിംഗും രൂക്ഷമാണെന്നു മറ്റൊരു ഉപയോക്താവും ട്വിറ്ററിൽ കുറിച്ചു.
100% അറ്റൻഡൻസ് പുനരാരംഭിച്ചതിനെ തുടർന്ന് സ്‌കൂൾ പരിസരങ്ങളിൽ പ്രകടമായി തന്നെ ബ്ലോക്കുകൾ വർധിച്ചതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ദോഹയിലെ പല സ്ഥലങ്ങളിലും നടക്കുന്ന റോഡ് പണിയും ട്രാഫിക്ക് തിരക്കിന് കാരണമാന്നെന്ന് പരാതികളുണ്ട്.
വിഷയം ചർച്ച ചെയ്യാൻ ഗതാഗത, പൊതുമരാമത്ത് ആഭ്യന്തര വകുപ്പുകൾ ബുധനാഴ്ച സംയുക്ത യോഗം സംഘടിപ്പിച്ചു.