ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ട്രാവൽ ഹബ്ബായി ദോഹ മാറുന്നതായി റിപ്പോർട്ട്. ലോകത്തെ പ്രമുഖ ആധികാരിക എയർട്രാവൽ അനാലിസിസ് ഏജൻസിയായ ഫോർവാർഡ് കീസ് പുറത്തുവിട്ട, 2021 ജനുവരി 1 മുതൽ ജൂണ് 30 വരെയുള്ള കണക്കുകൾ പ്രകാരം, ദോഹയിൽ നിന്ന് വിൽക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ എണ്ണം സമാനമേഖലയിൽ മറ്റേത് നഗരത്തിൽ നിന്നുള്ള വില്പനയെക്കാളും കൂടുതലാണ്. ദുബായിയെ ആണ് ഇക്കാര്യത്തിൽ ദോഹ പിന്നിലാക്കിയത്. 2021 ലെ കണക്കുകൾ പ്രകാരം, മൊത്തം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായി 33% ആണ് ദോഹയുടെ മാർക്കറ്റ് ഷെയർ. ദുബായും (30%), അബുദാബി (9%) യും ആണ് തുടർ സ്ഥാനങ്ങളിൽ. നേരത്തെ ദുബായ് (44%), ദോഹ (21%), അബുദാബി (13%) എന്നിങ്ങനെ ആയിരുന്നു കണക്കുകൾ.
2021 ജനുവരി മുതൽ, കൈറോ, ദമ്മാം, ദുബായ്, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കായി ദോഹയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. ഈ പുനരാരംഭിച്ച സർവീസുകൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ സംഭാവനയാണ് നൽകിയത്. ഇവയ്ക്കൊപ്പം, സീറ്റിൽ, സാൻ ഫ്രാന്സിസ്കോ, അബിദ്ജാൻ എന്നിവിടങ്ങളിലേക്കും യഥാക്രമം ഡിസംബർ, ജനുവരി, ജൂണ് മാസങ്ങളിലായി സർവീസ് തുടങ്ങിയിരുന്നു.
കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ശക്തമായ വളർച്ച രേഖപ്പെടുത്തിയ സർവീസുകൾ ഇവയാണ്: സാ പോളോ (137%), കിയെവ് (53%), ധാക്ക (29%), സ്റ്റോക്ക്ഹോം (6.7%). ദോഹയിൽ നിന്ന് ജോഹന്നാസ്ബർഗ് (25%), മാലി (21%), ലാഹോർ (19%) എന്നിവിടങ്ങളിലേക്കുള്ള സീറ്റ് കപ്പാസിറ്റിയിയിലും നിശ്ചിതമായ വർധനവ് ഉണ്ടായി.
കോവിഡ് പ്രതിസന്ധിയിൽ ഉലയാതെ ലോകരാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടർന്നതും 2021 ജനുവരിയോടെ സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നടത്തി വന്ന 4 വർഷം നീണ്ട ഉപരോധം പിന്വലിച്ചതും ദോഹയുടെ നേട്ടത്തിന് കാരണമായതായി കരുതപ്പെടുന്നു.