ഖത്തറിൽ ഈദാഘോഷം; അമീർ അൽ വജ്ബയിൽ പ്രാർത്ഥന നമസ്കാരം നടത്തി
ദോഹ: ഖത്തറിൽ 900-ന് മുകളിൽ കേന്ദ്രങ്ങളിലായി ഈദ് പ്രാർത്ഥന നമസ്കാരങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവ് വന്നതിനാൽ, പള്ളികളിലും ഈദ് ഗാഹുകളിലും പ്രായഭേദമന്യേ ധാരാളം വിശ്വാസികളുടെ സാനിധ്യമുണ്ടായി. ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിംഗിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിലെ ഈദ് ഗാഹുകളിലായി ധാരാളം മലയാളികളും പങ്കുകൊണ്ടു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇന്ന് രാവിലെ അൽ വജ്ബ പ്രാർത്ഥന കേന്ദ്രത്തിൽ ഈദുൽ അദ്ഹ പ്രത്യേക നമസ്കാരം നടത്തി. അമീറിനൊപ്പം, ഷെയ്ഖ് അബ്ദുള്ള ബിൻ ഖലീഫ അൽ ഥാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഥാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽ ഥാനി തുടങ്ങിയവരും മറ്റു മന്ത്രിസഭ അംഗങ്ങളും ഷൂറ കൗണ്സിൽ അംഗങ്ങളും അംബാസഡർമാരും വിവിധ പദ്ധതി തലവന്മാരും, ഒപ്പം സാധാരണ ജനങ്ങളും പ്രാർത്ഥനയിൽ പങ്കെടുത്തു.
കോർട്ട് ഓഫ് കാസേഷൻ ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയീർ അൽ ഷമ്മരിയാണ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. ഈദ് ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ആത്മീയ ഉത്ബോധനത്തിനൊപ്പം, സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ ബന്ധം ശക്തിപ്പെടുത്താനും ഹൃദയങ്ങൾ സംശുദ്ധമായി സൂക്ഷിക്കാനും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു.