31-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച മുതൽ

ദോഹ: 37 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ, 31-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ മുതൽ ദോഹ എക്സിബിഷൻ & കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) ആരംഭിക്കും. ‘അറിവാണ് വെളിച്ചം’ എന്ന മുദ്രാവാക്യവുമായി ഖത്തർ സാംസ്‌കാരിക, പൈതൃക ഇവന്റ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകമേള ജനുവരി 22 വരെ തുടരും. 

വെള്ളിയാഴ്ച ഒഴികെ ആഴ്ചയിലുടനീളം മേള രാവിലെ 9 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയാണ് സമയം. 37 രാജ്യങ്ങൾ പുസ്തകമേളയിൽ പങ്കെടുക്കും. 430 നേരിട്ടുള്ള പ്രസാധകരും 90 ഏജൻസികളും മേളയുടെ ഭാഗമാകും.

മുൻകൂർ ഓണ്ലൈൻ രജിസ്‌ട്രേഷൻ (https://31.dohabookfair.qa/en/visitors/visitors-registration/) ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. എക്‌സിബിഷനിലേക്കുള്ള സന്ദർശനം 12 വയസ്സിന് മുകളിലുള്ള, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയ അല്ലെങ്കിൽ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ സന്ദർശകരും എഹ്തെറാസ് ആപ്പ് കാണിക്കേണ്ടത് നിർബന്ധമാണ്. പരമാവധി 2000 പേരെയാണ് ഹാളിൽ ഒരേ സമയം പ്രവേശിപ്പിക്കുക.

31-ാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ വായനക്കാരുടെയും ബുദ്ധിജീവികളുടെയും വലിയ പ്രതീക്ഷയ്‌ക്കൊടുവിലാണ് വരുന്നതെന്ന് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഡയറക്ടർ ജാസിം അൽബുനൈൻ പറഞ്ഞു. ജിസിസി തലത്തിൽ ഇത് ഖത്തറിന് മികച്ച നേട്ടങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് കസ്റ്റംസ് ക്ലിയറൻസ്, ഏജൻസികളുടെ ഫീസ് ഒഴിവാക്കൽ തുടങ്ങിയ പിന്തുണയും സാംസ്കാരിക മന്ത്രാലയം നൽകുന്നുണ്ട്. സംസ്കാരവും അറിവും പ്രചരിപ്പിക്കുന്നതിലും പ്രസിദ്ധീകരണ വ്യവസായം വികസിപ്പിക്കുന്നതിലും പ്രസാധകരെ പിന്തുണയ്ക്കുന്നതിനാണ് ഈ സൗകര്യങ്ങൾ വരുന്നത്. പവലിയനുകൾ വാടകയ്‌ക്കെടുക്കുന്നതിനും ഹാളുകൾ നൽകുന്ന സേവനങ്ങളുടെ ചെലവിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരണശാലകളെ പിന്തുണച്ചിട്ടുണ്ട്.

സന്ദർശകർ മാസ്‌ക് ധരിക്കുക, കൃത്യമായ അകലം പാലിക്കുക (ഓരോരുത്തർക്കും ഇടയിൽ ഒരു മീറ്റർ, കൈകൾ അണുവിമുക്തമാക്കുക) തുടങ്ങിയ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

 

Exit mobile version