ഖത്തറിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഇനി ഏതാനും ദിവസങ്ങൾ മാത്രം
ഖത്തറിൽ ട്രാഫിക് നിയമലംഘനം നടത്തിയതിനുള്ള പിഴ ഇളവോടു കൂടി അടക്കാനുള്ള സൗകര്യം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക് ഓർമപ്പെടുത്തി.
2024 ജൂൺ 1 മുതൽ ആരംഭിച്ച ഈ സൗകര്യം ഓഗസ്റ്റിൽ അവസാനിപ്പിക്കാനാണ് പദ്ധതിയുണ്ടായിരുന്നതെങ്കിലും അതിനു ശേഷം നവംബർ 30 വരെ നീട്ടിയിരുന്നു.
ഖത്തർ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഒപ്പം ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കുമായി രജിസ്റ്റർ ചെയ്‌തിട്ടുള്ള എല്ലാ വാഹനങ്ങൾക്കും കിഴിവ് ബാധകമാണ്. ഇളവ് ലഭിക്കാൻ യോഗ്യതയുള്ള ലംഘനങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഉള്ളതായിരിക്കണം.
2024 സെപ്‌റ്റംബർ 1 മുതൽ, ട്രാഫിക് നിയമ ലംഘനങ്ങളുള്ള വ്യക്തികളെ, എല്ലാ പിഴകളും കുടിശ്ശികയും തീർപ്പാക്കുന്നതുവരെ രാജ്യത്തിന്റെ ഒരു അതിർത്തികളിലൂടെയും ഖത്തർ വിടാൻ അനുവദിക്കില്ല.
പിഴലഭിച്ചവർക്ക് അത് അടച്ചു തീർക്കാനും അവരുടെ പേരുകൾ ലിസ്റ്റിൽ നിന്നും ഇല്ലാതാക്കാനുമുള്ള സുപ്രധാന അവസരമാണ് ഡിസ്‌കൗണ്ട് പ്രോഗ്രാം വഴി ഉദ്ദേശിക്കുന്നത്.