അറബ് ലോകം യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും മാത്രം ഇടമല്ലെന്ന് ഞങ്ങൾക്ക് തെളിയിക്കണമായിരുന്നു – ഖത്തർ ഉപപ്രധാനമന്ത്രി
2022 ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്നതിനായി 2010 ൽ ബിഡ് ചെയ്തത് മുതൽ ഖത്തർ അഭൂതപൂർവമായ വിമർശനങ്ങൾക്ക് വിധേയമായതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ആവർത്തിച്ചു. വസ്തുതകളെ അടിസ്ഥാനമാക്കാതെ ചില മാധ്യമങ്ങളുടെ ഖത്തറിനോടുള്ള സമീപനവും പെരുമാറ്റവും ഞങ്ങളുടെ കാഴ്ചപ്പാടിൽ തികച്ചും നിഷേധാത്മകവും നിരാശാജനകവുമായിരുന്നെന്ന് തിങ്കളാഴ്ച വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ ‘ഇൻക്ലൂസീവ്’ ആയ ലോകകപ്പാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. “വിവിധ രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ഇതുവരെ വന്നു. ലോകകപ്പ് ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ രാജ്യക്കാർക്ക് ലോകകപ്പ് താങ്ങാനാവുന്ന ചെലവിൽ ആസ്വദിക്കാൻ ഖത്തർ അവരെ പ്രാപ്തരാക്കി.”
എല്ലാ ഫാൻസും ഖത്തറിന്റെ മികച്ച ആതിഥ്യമര്യാദയെ കുറിച്ചാണ് സംസാരിക്കുന്നത്. “മാത്രമല്ല ഇത് നമ്മൾ അഭിമാനിക്കുന്ന കാര്യവുമാണ്. അറബ് രാജ്യങ്ങൾ, മിഡിൽ ഈസ്റ്റേൺ മേഖല, യുദ്ധങ്ങളും സംഘർഷങ്ങളും മാത്രമല്ലെന്ന് ലോകത്തിന് മുന്നിൽ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇവിടം ആഘോഷത്തിന്റെയും മനോഹരമായ കായിക വിനോദത്തിന്റെയും ഇടമാണ്,” ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തെ സംബന്ധിച്ച വിമര്ശത്തിന് ഞങ്ങൾ പൂർണ്ണമായും ‘പെർഫക്ട്’ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എന്നാൽ തൊഴിൽ പരിഷ്‌കാരങ്ങളിൽ കഴിഞ്ഞ 12 വർഷം കൊണ്ട് ഖത്തർ നടത്തിയ മാറ്റങ്ങൾ എണ്ണിപ്പറഞ്ഞു. ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെ എല്ലാ എൻജിഒകൾക്കുമായി വാതിൽ തുറന്നിട്ട രാജ്യവുമാണ് ഖത്തറെന്ന് വിശദമാക്കി.
“ഒരു സർക്കാർ സംവിധാനം 10 വർഷം കൊണ്ട് മാറിയത് ഒരു നേട്ടമാണ്. യൂറോപ്പ് 10 വർഷത്തിനുള്ളിൽ മാറിയില്ല. 10 വർഷത്തിനുള്ളിൽ അമേരിക്ക മാറിയില്ല. ഞങ്ങൾ ഈ മാറ്റങ്ങൾ ത്വരിതപ്പെടുത്തി, ലോകകപ്പിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ത്വരിതപ്പെടുത്തുന്നതിന് അത് ഞങ്ങളെ സഹായിച്ചു.”
ലോകകപ്പ് പിച്ചിന് അകത്തുള്ള നിയമങ്ങൾ ഫിഫയുടേതാണ്. എന്നാൽ പുറത്തുള്ള ജനങ്ങളുടെ സുരക്ഷ ഖത്തറിന്റെ ചുമതലയുമാണ്. സുരക്ഷയെ കരുതിയുള്ള എല്ലാ നിയമങ്ങളും എല്ലാവർക്കും വേണ്ടിയായിരുന്നു. ഏതെങ്കിലും ‘ഓറിയന്റേഷനു’ വേണ്ടിയായി ഒരു നിയമവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB